Gulf

ഗള്‍ഫ് മേഖലയില്‍ നിഷ്പക്ഷത പുലര്‍ത്തുന്ന കുവൈറ്റിന്റെ നിലപാടിനെ പ്രശംസിച്ച് ഇന്ത്യ

Published

on

കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയില്‍ നിഷ്പക്ഷ നയമാണ് കുവൈറ്റ് പിന്തുടരുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രമ്യതയുണ്ടാക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ചതായും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സൈ്വക അഭിപ്രായപ്പെട്ടതായി കുവൈറ്റ് ആസ്ഥാനമായുള്ള അല്‍ ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍മുതൈരിയെ സന്ദര്‍ശിച്ച ഇന്ത്യന്‍ അംബാസഡര്‍ സാംസ്‌കാരിക-മാധ്യമ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തുകയും ചെയ്തു.

ലോകമെമ്പാടും മാനുഷിക സഹായം നല്‍കുന്ന രാജ്യങ്ങളില്‍ കുവൈറ്റ് മുന്‍പന്തിയിലാണെന്ന് ആദര്‍ശ് സൈ്വക പറഞ്ഞു. പല വികസ്വര രാജ്യങ്ങളിലും കുവൈറ്റ് സാമൂഹികവും സാമ്പത്തികവുമായ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈറ്റ് ഫണ്ട് വഴി നിരവധി പദ്ധതികള്‍ പല രാജ്യങ്ങളിലും കുവൈറ്റ് നടപ്പാക്കി.

ഇന്ത്യയും കുവൈറ്റും തമ്മില്‍ സുപ്രധാന വിഷയങ്ങളില്‍ ധാരണയിലെത്താനുള്ള അവസരമൊരുക്കുന്നതിന് ഇരുരാജ്യങ്ങളുടെയും ഉന്നതതല സന്ദര്‍ശനങ്ങള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നതായി അംബാസഡര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സാംസ്‌കാരിക പരിപാടികളിലെ പങ്കാളിത്തം, മ്യൂസിയം സഹകരണം, മാധ്യമ വിനിമയം, ടൂറിസം സാധ്യതകള്‍ തുടങ്ങി സാംസ്‌കാരിക-മാധ്യമ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ ആദര്‍ശ് സൈ്വകയെ 2022 ഒക്ടോബറിലാണ് കുവൈറ്റിലെ ഇന്ത്യയുടെ അംബാസഡറായി നിയമിച്ചത്. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുന്ന സമയത്താണ് നിയമനം. ഐഎന്‍എസ് ടിര്‍, ഐഎന്‍എസ് സുജാത, കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സാരഥി എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നാവികസേനയുടെ ആദ്യ പരിശീലന സ്‌ക്വാഡ്രണ്‍ (1 ടിഎസ്) 2022 ഒക്ടോബറില്‍ കുവൈറ്റിലെ അല്‍ഷുവൈഖ് തുറമുഖത്ത് എത്തിയതാണ് സഹകരണം ശക്തിപ്പെടുത്തുന്നതിന് കാരണമായത്.

ചരിത്രത്തിലേക്ക് വേരൂന്നിയ സൗഹൃദബന്ധമാണ് ഇരു രാജ്യങ്ങളും ആസ്വദിക്കുന്നത്. 2022ല്‍ ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60ാം വാര്‍ഷികം പിന്നിട്ടു. ഇരു രാജ്യങ്ങളും സ്ഥിരമായി ഉയര്‍ന്ന തലത്തിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തി വരികയും ചെയ്യുന്നു.

രണ്ടാം കോവിഡ് സമയത്ത് കുവൈറ്റ് ഇന്ത്യക്കൊപ്പം നില്‍ക്കുകയും മെഡിക്കല്‍ ഓക്‌സിജനും മറ്റ് ദുരിതാശ്വാസ സാമഗ്രികളും അതിവേഗം എത്തിച്ചുനല്‍കുകയും ചെയ്തു. 2021 മെയ് 4 ന് 282 ഓക്‌സിജന്‍ സിലിണ്ടറുകളും 60 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും മറ്റ് മെഡിക്കല്‍ സപ്ലൈകളുമുള്ള പ്രത്യേക വിമാനം കുവൈറ്റ് അയച്ചിരുന്നു. ഇന്ത്യന്‍ നേവല്‍ ഷിപ്പുകള്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് തര്‍കാഷ്, ഐഎന്‍എസ് തബാര്‍, ഐഎന്‍എസ് ഷാര്‍ദുല്‍ എന്നിവ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ഇന്ത്യയിലെത്തിച്ചു. ഇതോടൊപ്പം ഓക്‌സിജന്‍ സിലിണ്ടറുകളും കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും ഇന്ത്യയിലേക്ക് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version