ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് റെയിൽ പദ്ധതിയുടെ ചർച്ച പുരോഗമിക്കുന്നു. ഇന്ത്യ, സൗദി അറേബ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ മുൻകൈയെടുക്കുന്ന വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ചർച്ചയിൽ യുഎഇയും യൂറോപ്പും ഗൗരവമായി പങ്കെടുക്കുന്നുണ്ട്. ദക്ഷിണേഷ്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാരങ്ങൾ മുഴുവൻ മാറ്റിമറിക്കാൻ ശേഷിയുള്ള പദ്ധതിയിൽ, റെയിൽവേ ശൃംഖലയ്ക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടാനുള്ള തുറമുഖങ്ങളും വികസിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
എന്നിരുന്നാലും ന്യൂഡൽഹിയിൽ ഈയാഴ്ച ആരംഭിക്കുന്ന ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ഈ മെഗാ ഇൻഫ്രാ പ്രോജക്ടിന്റെ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതി സംബന്ധിച്ച് ഇന്ത്യയും മറ്റു രാജ്യങ്ങളുമായുള്ള ചർച്ച തുടങ്ങിയിട്ട് മാസങ്ങളായെന്നും വിഷയത്തിൽ പുരോഗതിയുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷ ഉപദേശകൻ, ജാക്ക് സള്ളിവൻ, ജി20 ഉച്ചകോടിയിൽ ഏതെങ്കിലും വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്ന് പ്രതികരിക്കാൻ തയ്യാറായില്ല. എന്നിരുന്നാലും യുഎസും സഖ്യകക്ഷികളും നിക്ഷേപമിറക്കുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും മധ്യപൂർവേഷ്യൻ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കുള്ള ഗതാഗതബന്ധം ഏറെ നിർണായക ചുവടുവെപ്പായിരിക്കുമെന്നും സഹകരിക്കുന്ന ഈ രാജ്യങ്ങൾക്കെല്ലാം വളരെയധികം സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും ബ്ലുംബെർഗിന്റെ മറ്റൊരു റിപ്പോർട്ടിൽ ജാക്ക് സള്ളിവൻ പറഞ്ഞു.
ബൈഡൻ – മോദി – സൽമാൻ ചർച്ച
ഈ വർഷമാദ്യം പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ജാക്ക് സള്ളിവൻ സൗദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയുടെയും യുഎഇയുടെയും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി20 സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ചു. ഇവിടെവെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അടിസ്ഥാന സൗകര്യ വികസന പദ്ധതി ചർച്ച ചെയ്യുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എന്തുകൊണ്ട് നിർണായകം?
ഗൾഫ് രാജ്യങ്ങളുടെ മേൽ ചൈനയ്ക്ക് വർധിച്ചു വരുന്ന സ്വാധീനം തകർക്കുന്നതിനായാണ് യുഎസ് ഈ വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് മുൻകൈയെടുക്കുന്നത്. ചൈനയുടെ ബെൽറ്റ് & റോഡ് സംരംഭത്തിൽ മധ്യപൂർവേഷ്യൻ രാജ്യങ്ങൾ മുഖ്യ ഘടകമാണ്. കൂടാതെ സൗദി അറേബ്യയുമായുളള ബന്ധം ശക്തിപ്പെടുത്താനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. സൗദിയും ഇസ്രയേലും തമ്മിലുള്ള ഉടമ്പടിക്ക് പുറമെ ഇന്ത്യ – ഗൾഫ് റെയിൽ പദ്ധതിയും 2024 തെരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ വിഷയമാക്കാൻ ബൈഡന് ഉദ്ദേശിക്കുന്നുണ്ട്. റെയിൽ പദ്ധതി യാഥാർത്ഥ്യമായാൽ കപ്പൽ മാർഗം ചരക്കുകടത്തിൽ പാഴാകുന്ന സമയവും പണവും ഏറെ ലാഭിക്കാമെന്ന മെച്ചവുമുണ്ട്.