Top News

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ​ഗ്രൂപ്പിൽ; ഉദ്ഘാടന മത്സരം ജൂൺ ഒന്നിന്

Published

on

ദുബായ്: ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ​ഗ്രൂപ്പിൽ. ​ഗ്രൂപ്പ് എ യിൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം അയർലൻഡ്, കാനഡ, അമേരിക്ക ടീമുകളുമുണ്ട്. ജൂൺ ഒമ്പതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ന്യൂയോർക്ക് വേദിയാകും. ജൂൺ ഒന്നിന് ലോകകപ്പിന് തുടക്കമാകും. ആദ്യ മത്സരം കാനഡയും അമേരിക്കയും തമ്മിലാണ്.

ജൂൺ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂയോർക്കിൽ നടക്കുന്ന പോരാട്ടത്തിൽ അയർലൻഡ് എതിരാളികളാകും. ജൂൺ 12ന് ന്യൂയോർക്കിൽ വെച്ച് ഇന്ത്യ അമേരിക്കയെ നേരിടും. ജൂൺ 15ന് കാനഡയ്ക്കെതിരായ മത്സരത്തിന് ഫ്ലോറിഡ വേദിയാകും.

ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിന്റെ സ്ഥാനം. ഓസ്ട്രേലിയ, സ്കോട്ലാൻഡ്, നമീബിയ, ഒമാൻ എന്നീ ടീമുകളും ​ഗ്രൂപ്പ് ബിയിൽ ഒപ്പമുണ്ട്. ​ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസിനെയും അഫ്​ഗാനിസ്ഥാനെയും പാപ്പുവ ന്യൂ ​ഗുനിയയെയും ഉ​ഗാണ്ടയെയും നേരിടും. ഡി ​ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലാൻഡ്സ്, നേപ്പാൾ എന്നീ ടീമുകളുണ്ട്.

നാല് ​ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സൂപ്പർ എട്ടിലേക്ക് യോ​ഗ്യത നേടും. ജൂൺ 19 മുതൽ 24 വരെയാണ് സൂപ്പർ എട്ട് നടക്കുക. നാല് ടീമുകൾ വീതമുള്ള രണ്ട് ​ഗ്രൂപ്പിലാണ് സൂപ്പർ എട്ട് പുരോ​ഗമിക്കുക. വീണ്ടും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ സെമിയിലേക്ക് നീങ്ങും. ജൂൺ 26, 27 തിയതികളിൽ സെമി ഫൈനൽ നടക്കും. ജൂൺ 29നാണ് ഫൈനൽ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version