Gulf

ഇന്ത്യയും ഒമാനും അടുത്ത മാസം സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചേക്കും

Published

on

മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നു. കരാര്‍ അടുത്ത മാസം ഒപ്പുവെച്ചേക്കുമെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.

ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന കരാറായിരിക്കും ഇത്. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഒമാനിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും.

മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിക്കും. ഒമാനില്‍ ഈ സാധനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ്. ഒമാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 16.5 ശതമാനം (ഏതാണ്ട് 800 മില്യണ്‍ ഡോളര്‍) ഗോതമ്പ്, മരുന്നുകള്‍, ബസുമതി അരി, ചായ, കാപ്പി, മത്സ്യം തുടങ്ങിയവയില്‍ നിന്നാണ്. ഈ ഇനങ്ങളെ നേരത്തേ തന്നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ പുതിയ എഫ്ടിഎ കരാറിലൂടെ ഈ ഉത്പന്നങ്ങള്‍ക്ക് അധിക നേട്ടമുണ്ടാകില്ല.

നിലവില്‍, 80 ശതമാനത്തിലധികം ചരക്കുകളും ഒമാനിലേക്ക് ശരാശരി അഞ്ച് ശതമാനം ഇറക്കുമതി തീരുവയിലാണ് എത്തുന്നത്. ഒമാന്റെ ഇറക്കുമതി തീരുവ പൂജ്യം മുതല്‍ 100 ശതമാനം വരെയാണ്. ചിലയിനം മാംസം, വൈന്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം തീരുവ ബാധകമാണ്.

ഈ മാസം ആദ്യം മസ്‌കറ്റില്‍ വെച്ച് സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) കരാറിനായുള്ള രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയിരുന്നു. ജിസിസി രാജ്യങ്ങളില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാന്‍. യുഎഇയുമായി ഇന്ത്യക്ക് സമാനമായ ഒരു കരാറുണ്ട്. 2022 മെയ് മാസത്തിലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.

2022-23ല്‍ ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 7.9 ബില്യണ്‍ ഡോളറായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍ (4.6 ബില്യണ്‍ ഡോളര്‍), യൂറിയ (1.2 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവയാണ് പ്രധാന ഇറക്കുമതി. ഇറക്കുമതിയുടെ 73 ശതമാനവും ഇവയാണ്. സ്വതന്ത്ര വ്യാപാര കരാര്‍ വരുന്നതോടെ എണ്ണ, വാതകം, പെട്രോകെമിക്കല്‍സ് തുടങ്ങിയ ഒമാന്റെ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ സ്വീകാര്യമായ വിപണി കണ്ടെത്താനാവും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version