Sports

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്രം കുറിച്ച് ഇന്ത്യയും ക്യാപ്റ്റൻ രോഹിത് ശർമയും; നേടിയത് കിടിലൻ ജയം

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ കിടിലൻ ജയം. കേപ്ടൗണിൽ നടന്ന കളിയിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയലക്ഷ്യം വെറും 12 ഓവറുകളിൽ ഇന്ത്യ മറികടക്കുകയായിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക- 55 & 176. ഇന്ത്യ- 153, 80/3.

അതേ സമയം ജയത്തോടെ രണ്ട് മത്സര പരമ്പര സമനിലയിലാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. നേരത്തെ ആദ്യ കളിയിൽ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇത് ര‌‌ണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയിലാക്കുന്നത്‌. ധോണിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായാണ് രോഹിത് ശർമ മാറിയത്.

നേരത്തെ കളിയിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മൊഹമ്മദ് സിറാജ് പന്ത് കൊണ്ട് തീപ്പൊരി പ്രകടനം കാഴ്ചവെച്ചപ്പോൾ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ വെറും 55 റൺസിൽ ഓളൗട്ടായി. സിറാജ് ആറ് വിക്കറ്റുകളെടുത്ത് ഇന്ത്യൻ ബോളിങ്ങിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ, മുകേഷ് കുമാർ, ജസ്പ്രിത് ബുംറ എന്നിവർ ര‌ണ്ട് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 153 റൺസിൽ പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തിൽ153/4 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അതേ‌ സ്കോറിൽ വെച്ച് അവസാന ആറ് വിക്കറ്റുകൾ നഷ്ടമാവുകയിരുന്നു‌. മൂന്ന് താരങ്ങൾ മാത്രം ര‌ണ്ടക്കം കണ്ട ഇന്ത്യൻ ഇന്നിങ്സിൽ 46 റൺസ് നേടിയ വിരാട് കോഹ്ലിയായിരുന്നു‌ ടോപ് സ്കോറർ. 98 റ‌ൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് മത്സരത്തിൽ ഇന്ത്യ നേടിയത്.

രണ്ടാമിന്നിങ്സിൽ 98 റൺസ് കടവുമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 176 റ‌ൺസിൽ ഓളൗട്ടായി. 106 റൺസെടുത്ത് ഓപ്പണർ ഐഡൻ മാർക്രം ഒറ്റയാൾപ്പോരാട്ടം നയിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുംറ ആറ് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

79 റ‌ൺസായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം. തുടക്കം മുതൽ കടന്നാക്രമണം നടത്താനാണ് ഇന്ത്യൻ ബാറ്റർമാർ ശ്രമിച്ചത്. യശസ്വി ജയ്സ്വാൾ തകർത്തതോടെ ഇന്ത്യൻ സ്കോർ ബോർഡ് അതിവേഗം കുതിച്ചു. 23 പന്തിൽ ആറ് ബൗണ്ടറികളുടെ സഹായത്തോടെ 28 റ‌ൺസ് നേടിയ ജയ്സ്വാൾ പുറത്താകുമ്പോളേക്ക് ഇന്ത്യ കളി വരുതിയിലാക്കിയിരുന്നു. 10 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെയും, 12 റൺസെടുത്ത കോഹ്ലിയെയും പിന്നാലെ നഷ്ടമായെങ്കിലും ടീം അർഹിച്ച വിജയത്തിലേക്ക് കാര്യമായ പ്രയാസങ്ങളില്ലാതെ എത്തി‌.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version