അബൂദബി : വിദേശത്ത് നിന്നും വിമാനമാര്‍ഗം യു എ ഇയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. 67.4 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. ആഗോള യാത്രാവിവര ശേഖരണ ഏജന്‍സിയായ ഒഫീഷ്യല്‍ എയര്‍ലൈന്‍സ് ഗൈഡ് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 38.16 ദശലക്ഷമായിരുന്നു വിമാനത്തിലെ സീറ്റ്. 2020ല്‍ ഇത് 32.28 ദശലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം 63.78 ദശലക്ഷമായി ആണ് ഉയര്‍ന്നത്. അതേസമയം, ദുബൈ വിമാനത്താവളത്തിലെ തിരക്ക് പഴയത് പോലെ ആയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഇപ്പോള്‍ ദുബൈ വിമാനത്താവളം മാറിയിട്ടുണ്ട്.
ലണ്ടനിലെ ഹീത്രോ, പാരീസിലെ ചാള്‍സ് ഡി ഗാള്‍ തുടങ്ങിയ വിമാനത്താവളങ്ങളെ പിന്നിലാക്കിയാണ് ദുബൈ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2022 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിട്ടുണ്ട്. 2023ല്‍ ഇതിലും കൂടുതല്‍ യാത്രക്കാരെയാണ് ദുബൈ പ്രതീക്ഷിക്കുന്നത്.