Sports

ഇഞ്ച്വറി ടൈം ട്വിസ്റ്റ്; കെപിഎല്‍ കിരീടം നിലനിര്‍ത്തി കേരള യുണൈറ്റഡ്

Published

on

കണ്ണൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള യുണൈറ്റഡ് എഫ്സി വീണ്ടും ചാമ്പ്യന്മാര്‍. കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സാറ്റ് തിരൂരിനെ പരാജയപ്പെടുത്തിയ യുണൈറ്റഡ് എഫ്സി തുടര്‍ച്ചയായ രണ്ടാം സീസണിലും കിരീടം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് കേരള യുണൈറ്റഡ് സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ഇഞ്ച്വറി ടൈമില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് ഗംഭീര പ്രകടനം കാഴ്ച വെച്ചാണ് കേരള യുണൈറ്റഡ് കിരീടമുയര്‍ത്തിയത്.

കലാശപ്പോരിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 50-ാം മിനിറ്റില്‍ യദുകൃഷ്ണയിലൂടെ സാറ്റ് തിരൂര്‍ ലീഡെടുത്തു. ലീഡ് വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ കേരള യുണൈറ്റഡ് തുടരെ ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. സാറ്റിന്റെ പെനാല്‍റ്റി ബോക്‌സിന് തൊട്ടരികില്‍ രണ്ട് ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കേരള യുണൈറ്റഡിനായില്ല.

സാറ്റ് തിരൂര്‍ വിജയവും കിരീടവും ഉറപ്പിച്ചെന്ന് തോന്നിപ്പിച്ച നിമിഷം കളിയുടെ ഗതി മാറി. ഇഞ്ച്വറി ടൈമിന്റെ തുടക്കത്തില്‍ യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. സാറ്റിന്റെ പെനാല്‍റ്റി ഏരിയയില്‍ ഹാന്‍ഡ്‌ബോളായതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി യുണൈറ്റഡിന്റെ ലാല്‍ സിം വലയിലെത്തിച്ചു.

ഒപ്പമെത്തിയതോടെ യുണൈറ്റഡ് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. 98-ാം മിനിറ്റില്‍ ലിങ്കയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ മുഹീബയും സ്‌കോര്‍ നേടിയതോടെ ഗംഭീര തിരിച്ചുവരവിന്റെ തിളക്കത്തില്‍ യുണൈറ്റഡ് വിജയം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version