റിയാദ്: 2024 ജൂണ്‍ 1 ശനിയാഴ്ച മുതല്‍ സൗദി അറേബ്യയില്‍ വേനല്‍ക്കാലം ആരംഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍എംസി) അറിയിച്ചു. രാജ്യത്തുടനീളമുള്ള ഗവര്‍ണറേറ്റുകളിലും പ്രദേശങ്ങളിലും ഈ വര്‍ഷത്തെ വേനല്‍ക്കാല സീസണിന്റെ ആദ്യ ദിവസമായിരിക്കും അടുത്ത ശനിയാഴ്ചയെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു.
വേനല്‍ക്കാലത്ത് കനത്ത ചൂടില്‍ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ ആരോഗ്യ സംരക്ഷണത്തിനുമായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ശക്തമായ നിര്‍ദ്ദേശം ബന്ധപ്പെട്ട ഏജന്‍സികള്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു.
സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. ജോലി സ്ഥലങ്ങളില്‍ സാധ്യമായ ശീതീകരണ സൗകര്യങ്ങള്‍, തണലിടങ്ങള്‍, ചൂടിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, കുടിക്കാന്‍ ആവശ്യത്തിന് വെള്ളം, അടിയന്തര ആരോഗ്യ പരിചരണത്തിനായുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ അധികൃതര്‍ ഒരുക്കണം. ജോലിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമ സമയം അനുവദിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വരാനിരിക്കുന്ന വേനല്‍ക്കാലത്ത് ചൂട് കൂടുമെന്ന നിലയ്ക്കുള്ള സൂചനകളാണ് നിലവില്‍ ലഭിക്കുന്നതെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. കിഴക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപനില വലിയ തോതില്‍ ഉയരും. അതേസമയം രാജ്യത്തിന്റെ വേനല്‍ക്കാല റിസോര്‍ട്ട് ലക്ഷ്യസ്ഥാനങ്ങളില്‍ ഇത്തഴണ ശരാശരി മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശക്തമായ ഇടിമിന്നലോടും കാറ്റിനോടും കൂടിയുള്ള മഴ അനുഭവപ്പെട്ടിരുന്നു. ഇത് പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും കാര്യമായ നാശനഷ്ടങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
വേനല്‍ക്കാലത്ത് കാലാവസ്ഥാ നിരീക്ഷണം ശക്തമായി നിര്‍വഹിക്കുന്നതിന് എന്‍എംസി അതിന്റെ എല്ലാ ആധുനിക കഴിവുകളും ഉപകരണങ്ങളും സമാഹരിക്കാന്‍ സജ്ജമാണെന്ന് അല്‍ ഖഹ്താനി അറിയിച്ചു. കാലാവസ്ഥാ റഡാറുകള്‍, ഉപഗ്രഹ ചിത്രങ്ങള്‍, സൗദി സംഖ്യാ മാതൃക എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള ഒബ്‌സര്‍വേറ്ററികളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും ആധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കൂടാതെ കാലാവസ്ഥാ നിരീക്ഷണവും കാലാവസ്ഥാ പ്രവചനവും കൂടുതല്‍ കൃത്യവും ഉപകാരപ്രദവുമാക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മനുഷ്യ നിരീക്ഷണശാലകളും മൊബൈല്‍ ഓട്ടോമാറ്റിക് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.