റിയാദ്: പ്രായമായവരെ സംരക്ഷിക്കാതിരിക്കല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 500,000 സൗദി റിയാല്‍ (1,10,48,974 രൂപ) വരെ പിഴയും ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയും ചുമത്തുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യം പ്രത്യേക ശ്രദ്ധപുലര്‍ത്തുവെന്നും ഇതിനായി ശക്തമായ നിയമങ്ങള്‍ സൗദി ആവിഷ്‌കരിച്ചതായും അറബിക് ചാനലായ അല്‍ ഇഖ്ബാരിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗദി അഭിഭാഷക നൗറ അല്‍ വാന്‍ഡ വെളിപ്പെടുത്തി
വയോജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം അവരുടെ കുടുംബാംഗങ്ങള്‍ക്കാണ്. പാര്‍പ്പിടം, പരിചരണം തുടങ്ങിയവ സംബന്ധിച്ച് പരാതികളുണ്ടായാല്‍ ഏത് തരത്തിലുള്ള വീഴ്ചകള്‍ക്കും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ വിചാരണ നേരിടേണ്ടിവരും. വയോജനങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതില്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന്‍ പ്രായമായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും പ്രായമയവരോടുള്ള മോശമായ പെരുമാറ്റം തടയുന്നതിനുമുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നു.
വയോധികരുടെ പണവും സമ്പത്തും ദുരുപയോഗം ചെയ്യുന്നതും കുറ്റകരമാണ്. അവരുടെ സമ്മതമില്ലാതെ ഇത് മക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഉപയോഗിക്കാനാവില്ല. പ്രായമായവരെ അവഗണിച്ചത് സംബന്ധിച്ച കേസുകളില്‍ ബന്ധപ്പെട്ട കോടതികളാണ് ഉചിതമായ ശിക്ഷാനടപടികള്‍ നിശ്ചയിക്കുകെയന്നും നൗറ അല്‍ വാന്‍ഡ വിശദീകരിച്ചു.