Gulf

സൗദിയില്‍ ഹോട്ടല്‍ ജോലിക്കാര്‍ മൂക്കില്‍ വിരലിട്ടാല്‍ 44,000 രൂപ വരെ പിഴ

Published

on

റിയാദ്: റെസ്റ്റോറന്റുകള്‍, കടകള്‍, കരാറുകാര്‍, തൊഴിലാളികള്‍, വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട മുനിസിപ്പല്‍ പിഴകളുടെ സമഗ്രമായ പട്ടിക സൗദി അറേബ്യ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകളിലും മറ്റ് ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സമയത്ത് തൊഴിലാളികള്‍ മൂക്കില്‍ വിരലിടുകയോ തുപ്പുകയോ വായില്‍ സ്പര്‍ശിക്കുകയോ വ്യക്തിശുചിത്വം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 400 റിയാല്‍ മുതല്‍ 2000 റിയാല്‍ (ഏകദേശം 44,100 രൂപ) വരെ പിഴ ചുമത്തുമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.

പൊതുജനാരോഗ്യവുമായി ബന്ധപ്പെടുന്ന ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സാധുതയുള്ള ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കച്ചവട സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനുമാണ് ഈ പിഴകള്‍ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു.
പുതിയ നിയന്ത്രണത്തില്‍ നിന്നുള്ള പ്രധാന പോയിന്റുകള്‍ ചുവടെ:

റെസ്റ്റോറന്റുകളിലെയും സമാനമായ മറ്റ് സ്ഥാപനങ്ങളിലെയും ശുചിത്വം

  • മൂക്കില്‍ വിരലിടുകയോ തുപ്പുകയോ വായില്‍ സ്പര്‍ശിക്കുകയോ വ്യക്തിശുചിത്വം പാലിക്കാതിരിക്കുകയോ ചെയ്താല്‍ പിടിക്കപ്പെടുന്ന ജീവനക്കാരില്‍ നിന്ന് 400 മുതല്‍ 2000 റിയാല്‍ വരെ പിഴ ഈടാക്കും.
  • അസുഖം, മുറിവുകള്‍ അല്ലെങ്കില്‍ പൊള്ളിയതുപോലുള്ള കുമിളകള്‍ എന്നിവയുള്ളപ്പോള്‍ ജോലിചെയ്താലും 400 മുതല്‍ 2,000 റിയാല്‍ വരെ പിഴ ചുമത്തും.
  • ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയോ കാലഹരണപ്പെട്ട ആരോഗ്യ സര്‍ട്ടിഫിക്കറ്റുമായോ തൊഴിലാളി ജോലി ചെയ്താല്‍ 200 മുതല്‍ 2,000 റിയാല്‍ വരെ പിഴ ഈടാക്കും.
  • ടോയ്‌ലറ്റുകളിലെ ശുചിത്വ നിലവാരം, കീടങ്ങളുടെ സാന്നിധ്യം, വൃത്തിഹീനമായ ഉപകരണങ്ങള്‍, അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ എന്നിവയ്ക്കും 200 മുതല്‍ 4,000 റിയാല്‍ വരെയാണ് പിഴ.
  • ലൈസന്‍സും ബിസിനസ് നിയന്ത്രണങ്ങളും
    • മുനിസിപ്പല്‍ ലൈസന്‍സ് ലഭിക്കാതെ കച്ചവടം ചെയ്താല്‍ 10,000 മുതല്‍ 50,000 റിയാല്‍ വരെ പിഴ ഈടാക്കാം.
    • ലൈസന്‍സില്‍ വ്യവസ്ഥ ചെയ്തതിനു പുറത്തുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് 400 മുതല്‍ 5,000 റിയാല്‍ വരെയാണ് പിഴ.
    • പൊതുസ്ഥലങ്ങളിലെ നിര്‍മാണ കരാറുകാരുടെ ലംഘനങ്ങള്‍
      • കുഴിയെടുക്കല്‍ (ഡ്രില്ലിങ്), മാലിന്യനിര്‍മാര്‍ജനം, പൊതുസ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന കരാറുകാര്‍ക്ക് കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് 200 മുതല്‍ 50,000 റിയാല്‍ വരെ പിഴ ചുമത്താം.
      • കെട്ടിട നിര്‍മാണ ലംഘനങ്ങള്‍
        • ലൈസന്‍സില്ലാതെ നിര്‍മാണം ആരംഭിക്കുകയോ പൊളിക്കുകയോ ചെയ്യുകയോ ബില്‍ഡിങ് പെര്‍മിറ്റ് പരിധി അവസാനിക്കുകയോ ചെയ്താല്‍ 50,000 റിയാല്‍ വരെ പിഴ ഈടാക്കാം.
        • പെട്രോള്‍ പമ്പുകളും പെട്രോളിയം നിയമലംഘനങ്ങളും
          • മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ മായംകലര്‍ത്തിയതോ ആയ ഇന്ധനങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ 1,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ഈടാക്കാം.

          പുകയില വില്‍പ്പന ലംഘനങ്ങള്‍

          • 18 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ നല്‍കുകയോ ലൈസന്‍സില്ലാതെ ഈ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയോ ചെയ്താല്‍ 1,000 മുതല്‍ 5,000 റിയാല്‍ വരെയാണ് പിഴ.

          മെഡിക്കല്‍ സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകരും

          • ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ മെഡിക്കല്‍ മാലിന്യങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യുകയോ മെഡിക്കല്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ 2,000 മുതല്‍ 50,000 റിയാല്‍ വരെ കനത്ത പിഴ ഈടാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version