റിയാദ്: വിവിധ അഴിമതിക്കേസുകളില്‍ ഒരു മാസത്തിനിടെ 107 ഉദ്യോഗസ്ഥര്‍ സൗദിയില്‍ പിടിയിലായി. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, പണം വെളുപ്പിക്കല്‍, വ്യാജ രേഖാ നിര്‍മാണം എന്നീ കേസുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് കണ്ട്രോള് ആന്‍ഡ് ആന്റി കറപ്ഷന്‍ കമ്മീഷന് (നസഹ) അറിയിച്ചു.
അറസ്റ്റിലായവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടു. ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള മുഹറം മാസത്തിലാണ് ഇത്രയും അറസ്റ്റ് നടന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. ഇതിനു ശേഷം കേസ് ഫയലുകള്‍ കോടതിക്ക് സമര്‍പ്പിക്കും.
അറസ്റ്റിലായവരില്‍ പ്രതിരോധ, ആരോഗ്യ, ആഭ്യന്തര, മുനിസിപ്പല്‍, പാര്‍പ്പിട, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം 260 പേരെ അഴിമതിവിരുദ്ധ അതോറിറ്റി ചോദ്യം ചെയ്യുകയും പ്രതികളാണെന്ന് കണ്ടെത്തിയ 107 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിന് തൊട്ടുമുമ്പുള്ള മാസത്തിലും (ദുല്‍ഹിജ്ജ) അഴിമതിക്കേസില്‍ 65 പേരെ കണ്ട്രോള് ആന്‍ഡ് ആന്റി കറപ്ഷന്‍ കമ്മീഷന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുമുണ്ടായി. ആഭ്യന്തരം, പ്രതിരോധം, നാഷണല്‍ ഗാര്‍ഡ്, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പല്‍, ഗ്രാമകാര്യം, ഭവനം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും പ്രതികളില്‍ ഉള്‍പ്പെട്ടു.
ദുല്‍ഹിജ്ജ മാസത്തില്‍ നസഹ ഉദ്യോഗസ്ഥര്‍ 2,230 റൗണ്ട് പരിശോധനകളാണ് നടത്തിയത്. 213 പേര്‍ക്കെതിരെയുള്ള കുറ്റങ്ങളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് 65 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൈക്കൂലി, അഴിമതി, അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.