മസ്‌കറ്റ്: ഒമാനില്‍ പ്രാദേശിക ഭരണകൂടത്തിനൊപ്പം നാട്ടുകാര്‍ കൂടി കൈകോര്‍ത്തതോടെ യാഥാര്‍ഥ്യമായത് ഒരു ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നം. മലകള്‍ കീറിമുറിച്ച് റുസ്താഖ് ഗവര്‍ണറേറ്റിലെ ഗ്രാമങ്ങളെ ജബല്‍ ശംസ് പ്രദേശവുമായി ബന്ധിപ്പിക്കുന്ന 10 കിലോമീറ്റര്‍ റോഡാണ് സാമൂഹിക പങ്കാളിത്തത്തിലൂടെ ഇവിടെ സാധ്യമാകക്കിയത്. ഇതോടെ ഗ്രാമങ്ങളിലെത്താന്‍ മലകള്‍ ചുറ്റി 450 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ടിടത് വെറും 10 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാവും.
ദഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളെ ജബല്‍ ഷംസ് വഴി തെക്കന്‍ ബത്തീനയിലേക്ക് ബന്ധിപ്പിക്കുന്നതാണ് പുതുതായി നിര്‍മിച്ച 10 കിലോമീറ്റര്‍ റോഡ്. പ്രകൃതി സമ്പന്നവും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും പേരുകേട്ട റുസ്താഖ് പ്രദേശത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ദാഹിറ ഗവര്‍ണറേറ്റിലേക്കും ദാഖിലിയ ഗവര്‍ണറേറ്റിലേക്കും നേരിട്ടുള്ള റോഡിന്റെ അഭാവം.
അതിനുള്ള പരിഹാരമായി 10 കിലോമീറ്റര്‍ ദൂരത്തില്‍ പര്‍വതങ്ങള്‍ക്കിടയിലൂടെയുള്ള റോഡ് നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1970 മുതല്‍ തന്നെ ഇത്തരമൊരു പര്‍വത പാതയെക്കുറിച്ച് ആലോചിക്കുകയും അതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. 2000ത്തിന്റെ തുടക്കത്തിലാണ് റോഡ് നിര്‍മാണ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. മറ്റ് നിരവധി മലയോര റോഡുകള്‍ക്കൊപ്പം ഈ റോഡ് നിര്‍മാണ പദ്ധതിയും ടെന്‍ഡറില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ നിര്‍മാണ ചുമതലയുള്ള കമ്പനി പ്രവര്‍ത്തനം നിര്‍ത്തുകയും പിന്നീട് പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെ പദ്ധതി തുടങ്ങിയേടത്ത് തന്നെ കിടന്നു.
2021 മെയ് മാസത്തിലാണ് ഈ പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചതെന്ന് നാസര്‍ അല്‍ ഹാത്തമി പറഞ്ഞു. പ്രദേശത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയ ഒരു കമ്മ്യൂണിറ്റി മീറ്റിംഗിലായിരുന്നു ഇത്. സ്ഥലത്തെ മുതിര്‍ന്നവരും പ്രാദേശിക നേതാക്കളും യുവാക്കളും ഒത്തുചേര്‍ന്ന ഈ യോഗത്തില്‍, ലഭ്യമായ എല്ലാ വിഭവങ്ങളും കഴിവുകളും വിനിയോഗിച്ച് നാട്ടുകാര്‍ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ റോഡ് നിര്‍മ്മിക്കുന്നതോടെ യാത്രാ സമയം കുറയുക മാത്രമല്ല, പ്രദേശത്തിന്റെ വ്യാപാരം, ടൂറിസം, കാര്‍ഷ രംഗം തുടങ്ങി മേഖലയുടെ സമ്പദ് വ്യവസ്ഥയെ തന്നെ അത് മാറ്റിമറിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. പിന്നെ നടന്നത് ചരിത്രം.
പ്രാദേശിക ഭരണകൂടത്തോടൊപ്പം പ്രദേശവാസികള്‍ ഒന്നടങ്കം ചേര്‍ന്നതോടെ, കരാറുകാരന്‍ അസാധ്യമെന്ന് പറഞ്ഞ് വഴിക്കിട്ടുപോയ പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചു. പിന്നീട് അവര്‍ക്കു മുമ്പില്‍ ദുര്‍ഘടമായ ഭൂപ്രകൃതിയോ ഭീമാകാരമായ പാറക്കൂട്ടങ്ങളോ അഗാധ ഗര്‍ത്തങ്ങളോ ഒന്നും അവര്‍ക്കു മുമ്പില്‍ പ്രതിബന്ധം സൃഷ്ടിച്ചില്ല. സൗത്ത് ബത്തീന ഗവര്‍ണറുടെ ഓഫീസ്, റുസ്താഖ് മുനിസിപ്പാലിറ്റി എന്നിവരോടൊപ്പം ചേര്‍ന്ന് പ്രദേശവാസികള്‍ ലഭ്യമായ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് റോഡ് നിര്‍മാണവുമായി മുന്നോട്ടുപോവുകയായിരുന്നു. ഗ്രാമീണ ജനതയുടെ പരമ്പരാഗത ജ്ഞാനവും ആധുനിക എഞ്ചിനീയറിംഗ് ടെക്‌നിക്കുകളും ഒത്തുചേര്‍ന്നപ്പോള്‍ വലിയ പര്‍വതങ്ങള്‍ പോലും തങ്ങളുടെ മുമ്പില്‍ കീഴടങ്ങിയെന്ന് ഹാത്തമി പറയുന്നു.
ടൂറിസം, കാര്‍ഷിക സംരംഭങ്ങള്‍, ഭക്ഷ്യസുരക്ഷാ പദ്ധതികള്‍, പുതിയ തൊഴിലവസരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പുതിയ റോഡ് നിര്‍ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയായ റോഡിന്റെ ടാറിംഗ്, സുരക്ഷാ ഭിത്തികളുടെ നിര്‍മാണം തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഇനി ബാക്കി കിടക്കുകയാണെന്നും ജനകീയ പങ്കാളിത്തത്തോടെ തന്നെ അതും പൂര്‍ത്തായാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.