Gulf

ഐഐടി ഡല്‍ഹിയുടെ അബുദാബി കാമ്പസ് അടുത്ത ജനുവരിയില്‍ തുറക്കും

Published

on

അബുദാബി: ലോകത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യുടെ ആദ്യത്തെ വിദേശ കാമ്പസ് 2024 ജനുവരിയില്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി ഐഐടി ഡല്‍ഹി ഡയറക്ടര്‍ രംഗന്‍ ബാനര്‍ജി പറഞ്ഞു.

ഇന്നലെ ന്യൂഡല്‍ഹിയില്‍ സമാപിച്ച ജി20 ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (ഡബ്ല്യുഎഎം) സംഘം ഐഐടി ഡല്‍ഹി കാമ്പസ് സന്ദര്‍ശിച്ചിരുന്നു. അബുദാബിയില്‍ ഓഫ് കാമ്പസ് ആരംഭിക്കുന്നതിനായി ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യും തമ്മിലുണ്ടാക്കിയ ധാരണാപത്രം അനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശന വേളയിലാണ് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും കരാര്‍ ഒപ്പിട്ടത്. ഈ നീക്കം ഇന്ത്യ-യുഎഇ ബന്ധവും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണവും കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് രംഗന്‍ ബാനര്‍ജി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മികവ്, നൂതനസാങ്കേതികവിദ്യ, വിജ്ഞാന വിനിമയം, മനുഷ്യ മൂലധനത്തിലെ നിക്ഷേപം എന്നീ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും താല്‍പര്യമാണ് ഐഐടി ഡല്‍ഹിയുടെ അബുദാബി കാമ്പസ് തുടങ്ങാനുള്ള കരാര്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബി ഓഫ് കാമ്പസില്‍ എല്ലാ അക്കാദമിക് സൗകര്യങ്ങളും ഉണ്ടാവുമെന്ന് ബാനര്‍ജി വിശദീകരിച്ചു. പാഠ്യപദ്ധതി, ലബോറട്ടറികള്‍, ഗവേഷണ സംരംഭങ്ങള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എല്ലം ഡല്‍ഹി ഐഐടി സജ്ജമാക്കും.

2022 ഫെബ്രുവരി 18ന് ഇന്ത്യ-യുഎഇ വ്യാപാര കരാറില്‍ ഒപ്പുവെച്ചതിന്റെ ഭാഗമായാണ് യുഎഇയില്‍ ആദ്യത്തെ ഐഐടി കാംമ്പസ് സ്ഥാപിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അന്നുമുതല്‍ തന്നെ ഇരുപക്ഷവും തുടര്‍നടപടികള്‍സ്വീകരിച്ചുവരികയാണ്.

ഐഐടി ഡല്‍ഹിയുടെ ഉദ്യോഗസ്ഥ സംഘം അബുദാബിയില്‍ താമസിച്ച് മേല്‍നോട്ടം വഹിച്ചുവരുന്നു. കഴിഞ്ഞ നവംബറില്‍ ഐഐടി ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഉന്നതതല സംഘം ഇവിടെയെത്തുകയും അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് (എഡിഇകെ) ഉദ്യോഗസ്ഥരുമായും യുഎഇയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.

നരേന്ദ്ര മോദിയുടെ അബുദാബി സന്ദര്‍ശനവേളയില്‍ ഐഐടി ഓഫ് കാമ്പസിനു പുറമേ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ പ്രാപ്തമാക്കുന്ന ചരിത്രപരമായ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) കരാറും ഒപ്പുവച്ചിരുന്നു.
2022 ഫെബ്രുവരിയില്‍ ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സിഇപിഎ) അടിസ്ഥാനമാക്കിയുള്ള തുടര്‍നടപടിയായിരുന്നു ഇത്. ഇതു പ്രകാരം എണ്ണ വ്യാപാരം ഇന്ത്യന്‍ രൂപയിലും യുഎഇ ദിര്‍ഹത്തിലും നടത്താന്‍ ധാരണയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version