U.A.E

30 ദിവസത്തെ വാര്‍ഷിക അവധി എടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഒരുമിച്ച് ലഭിക്കുക 45 ദിവസം മാത്രം; അറിയാം യുഎഇയിലെ അവധി നിയമങ്ങള്‍

Published

on

ദുബായ്: യുഎഇ തൊഴില്‍ നിയമപ്രകാരം അനുവദിക്കുന്ന 30 ദിവസത്തെ വാര്‍ഷിക അവധി ജീവനക്കാരന്‍ സ്വമേധയാ എടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഒരുമിച്ച് 45 ദിവസത്തില്‍ കൂടുതല്‍ വാര്‍ഷിക അവധി നല്‍കാന്‍ തൊഴിലുടമയ്ക്ക് നിര്‍ബന്ധ ബാധ്യതയില്ല. എന്നാല്‍ പ്രയോജനപ്പെടുത്താത്ത വാര്‍ഷിക അവധി ദിവസങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വേതനം ലഭിക്കാന്‍ തൊഴിലാളിക്ക് തൊഴിലുടമയുമായി ധാരണയിലെത്താമെന്നും നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു.

എന്നാല്‍ തൊഴിലുടമയുടെ താല്‍പര്യപ്രകാരം ഈ വര്‍ഷത്തെ വാര്‍ഷിക അവധി എടുക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടിയാല്‍ 60 ദിവസം അവധി നല്‍കണം. വാര്‍ഷിക അവധി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടഞ്ഞുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല. അതേസമയം, തൊഴിലുടമയുടെയും തൊഴിലാളിയുടെയും താല്‍പര്യപ്രകാരം വാര്‍ഷിക അവധി വെട്ടിക്കുറച്ച് അതിന് പകരമായി വേതനം കൈപ്പറ്റാവുന്നതാണ്.

തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള 2021ലെ 33ാം നമ്പര്‍ ഫെഡറല്‍ ഉത്തരവിലെ വ്യവസ്ഥകളും ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 2022ലെ കാബിനറ്റ് പ്രമേയം നമ്പര്‍-1ഉം ആണ് ഇതുമായി ബന്ധപ്പെട്ട് ബാധകമെന്നും നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു. രാജ്യത്ത് ഓരോ സേവന വര്‍ഷത്തിനും 30 കലണ്ടര്‍ ദിവസത്തെ വാര്‍ഷിക അവധി ലഭിക്കാന്‍ ഒരു ജീവനക്കാരന് അര്‍ഹതയുണ്ട്. ഇത് തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 29(1) (എ) പ്രകാരമാണ്. ഒരു മാസത്തെ ശമ്പളത്തോടുകൂടിയ വാര്‍ഷിക അവധിയാണ് അനുവദിക്കേണ്ടത്.

ജോലി ആവശ്യകതകളെ അടിസ്ഥാനമാക്കി തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്റെ വാര്‍ഷിക ലീവ് ഷെഡ്യൂള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഇക്കാര്യം ജീവനക്കാരനെ കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും അറിയിക്കണം. തൊഴിലുടമയ്ക്ക് ജോലി ആവശ്യകതകള്‍ക്കനുസരിച്ചും കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ സുഗമമായ നടത്തിപ്പിനും പുരോഗതിക്കുമായി ജീവനക്കാര്‍ക്കിടയില്‍ അവധിദിനങ്ങള്‍ ക്രമീകരിക്കാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 29(4) അനുവദിക്കുന്നുണ്ട്.

ഒരു തൊഴില്‍ ദാതാവ് ഈ വര്‍ഷം തൊഴിലാലിക്ക് വാര്‍ഷിക അവധി നല്‍കുന്നില്ലെങ്കില്‍, രണ്ട് വര്‍ഷത്തിലൊരിക്കല്‍ വാര്‍ഷിക അവധി നല്‍കാന്‍ ബാധ്യസ്ഥനാണ്. ജീവനക്കാരന് താല്‍പര്യമുണ്ടെങ്കില്‍ അവധിക്ക് പകരം പണം കൈപ്പറ്റാവുന്നതാണ്. എന്നാല്‍ ജീവനക്കാരന്‍ തന്റെ വാര്‍ഷിക അവധി ഉപയോഗിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തൊഴിലുടമ തടയരുതെന്ന് എസ്റ്റാബ്ലിഷ്‌മെന്റ് ബൈലോകള്‍ അനുസരിച്ചും ഈ ഉത്തരവിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകള്‍ പ്രകാരവും വ്യക്തമാക്കിയിരിക്കുന്നു.

ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന 30 ദിവസത്തെ വാര്‍ഷിക അവധി തൊഴിലാളിയുടെ താല്‍പര്യ പ്രകാരം അടുത്ത വര്‍ഷം കമ്മ്യൂട്ട് ചെയ്യുമ്പോള്‍ ഒരുമിച്ച് കിട്ടുന്ന 45 ദിവസം കഴിഞ്ഞുള്ള 15 ദിവസത്തിന് ക്യാഷ് അലവന്‍സ് ലഭിക്കുന്നതിന് തൊഴിലുടമയുമായി ധാരണയിലെത്താവുന്നതാണ്. അവധിക്ക് അര്‍ഹതയുള്ള സമയത്ത് അയാള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന് അനുസൃതമായാണ് ക്യാഷ് അലവന്‍സ് നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version