ദമാം: ‘കുടുംബം പട്ടിണിയിലാണ്, മക്കളെ ഓര്‍ത്ത് ദയവായി ഒന്ന് വന്ന് കാണണം, തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായെങ്കില്‍ പൊറുക്കണം”- സൗദിയില്‍ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ഇന്ത്യക്കാരിയുടെ കണ്ണീരണിയിക്കുന്ന വീഡിയോ വൈറലായെങ്കിലും മുഖംകൊടുക്കാതെ തിരിച്ചയച്ച് ഇന്ത്യന്‍ പ്രവാസി. ഭര്‍ത്താവ് ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വരെ എത്തിയ യുവതിക്കും കുടുംബത്തിനും ഒടുവില്‍ വിസ കാലാവധി കഴിയുന്നതിനാല്‍ നോവുകള്‍ ബാക്കിയാക്കി മടങ്ങേണ്ടി വന്നു.
രണ്ടു വര്‍ഷത്തോളമായി കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ അകന്നുകഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള മക്കളെയും കൂട്ടിയാണ് തെലങ്കാന സ്വദേശിനി സീമ നൗസീന്‍ സൗദിയിലെത്തിയത്. പലരില്‍ നിന്നായി പണം സ്വരുക്കൂട്ടി ഉംറ വിസ സംഘടിപ്പിച്ചു. മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഭര്‍ത്താവിനെ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളില്‍ വീഡിയോയും പങ്കുവച്ചു.
പ്രവാസി ഗ്രൂപ്പുകളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചെങ്കിലും ഭര്‍ത്താവ് പര്‍വേസിനെ കണ്ടെത്താനായില്ല. ദമാമിലെ ഒരു കമ്പനിയിലാണ് പര്‍വേസ് ജോലി ചെയ്യുന്നത്. തുടര്‍ന്ന് യുവതി റിയാദിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസി ഉദ്യോഗസ്ഥര്‍ ദമാമിലെ പൊലീസ് സ്റ്റേഷനിലേക്ക് ഔദ്യോഗിക കത്ത് നല്‍കി. സഹായത്തിനായി എംബസി സാമൂഹിക വിഭാഗം വോളന്റിയര്‍മാരായ മഞ്ജു മണിക്കുട്ടന്‍, മണിക്കുട്ടന്‍ പത്മനാഭന്‍ എന്നിവരെ എംബസി വിവരം അറിയിക്കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ദമാമിലെ പോലീസ് സ്‌റ്റേഷനില്‍ ഹജരാവുകയും ഭര്‍ത്താവിന്റെ താമസരേഖയായ ഇഖാമയുടെ പകര്‍പ്പ് കാണിക്കുകയും ചെയ്തു. ഇഖാമയിലെ രേഖ പ്രകാരം കമ്പനി എവിടെയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തി.
കമ്പനിയില്‍ എത്തിയപ്പോള്‍ പര്‍വേസ് ഇവിടെ ഇല്ലെന്ന വിവരമാണ് ആദ്യം നല്‍കിയത്. ഓഫിസിലേക്ക് കയറാന്‍ അനുവദിച്ചില്ലെങ്കിലും എംബസിയില്‍ നിന്നുള്ള കത്ത് കാണിച്ചതോടെ അനുവാദം നല്‍കി. പര്‍വേസ് വിവാഹമോചനം നടത്തിയതാണെന്ന വിവരമാണ് ഇവിടെ നിന്ന് ലഭിച്ചത്. എന്നാല്‍ ത്വലാഖിനെ കുറിച്ച് അറിയില്ലെന്ന് സീമയും സീമയുടെ പിതാവും പറയുന്നു.
ഒരു തവണയെങ്കിലും നേരില്‍ കാണണമെന്ന് യുവതി കേണപേക്ഷിച്ചിട്ടും ഉപേക്ഷിച്ചുപോയ ഭര്‍ത്താവ് കാണാന്‍ തയ്യാറായില്ല. കമ്പനിയിലെ ജീവനക്കാരും കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകരും പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. കൂടുതല്‍ പ്രതികരിക്കാതെ മൊബൈല്‍ ഫോണ്‍ ഓഫാക്കുകയും ചെയ്തു. തെലങ്കാന പോലിസിന്റെയും റിയാദ് എംബസിയുടെയും സഹായത്തോടെ നിയമനടപടികള്‍ സ്വീകരിച്ച് നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്.
ഉംറ വിസയുടെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളതിനാല്‍ യുവതിയും കുടുംബവും നിരാശയോടെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. 15 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമുണ്ട്.