ദോഹ: റോഡരികിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കും പിഴ ചുമത്തി ഖത്തർ അതോറിറ്റി. റോഡരികിലൊ പാർക്കിങ് ഏരിയകളിലൊ വാഹനങ്ങൾ ഉപേക്ഷിച്ചാൽ 25,000 റിയാൽ (ഏകദേശം 5,71,250 രൂപ) വരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിഞ്ഞാലും പിഴ ചുമത്തും. നഗരസഭയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
പൊതു ശുചിത്വ നിയമത്തിന്റെ കീഴിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ചുമത്തുന്ന ശിക്ഷാവിധികൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇവ പ്രസിദ്ധീകരിച്ചത്. മാലിന്യം വലിച്ചെറിഞ്ഞാൽ 10,000 റിയാൽ (ഏകദേശം 2,28,500 രൂപ) ആണ് പിഴ. ഒഴിഞ്ഞ ഭൂമിയിലൊ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ ഭാഗത്തൊ വേലികെട്ടുന്നതും നിയമലംഘനമാണ്. ഈ സ്ഥലങ്ങളിൽ വേലികെട്ടി തിരിച്ചാൽ 25,000 റിയാൽ വരെ പിഴ ഈടാക്കും. പൊതുഇടങ്ങൾ, പബ്ലിക് സ്ക്വയറുകൾ, റോഡുകൾ, സ്ട്രീറ്റുകൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ പാടില്ല.