കണ്ണൂര്‍: കെ ഫോണില്‍ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്യുന്നതില്‍ പൊതുതാല്പര്യം ഇല്ലെങ്കില്‍ പിന്നെ എന്തിലാണ് പൊതുതാല്‍പര്യമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നീതി തേടി കോടതിയെ സമീപിക്കുമ്പോള്‍ പരിഹസിക്കുന്നതിലൂടെ ഇല്ലാതാകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
കെ ഫോണ്‍ പദ്ധതി ഇതിവരെ പൂര്‍ത്തിയായിട്ടില്ല. എല്ലാവര്ക്കും സൗജന്യ ഇന്റര്‍നെറ്റ് നല്കുന്ന പദ്ധതിയെ പ്രതിപക്ഷം എതിര്‍ത്തിട്ടില്ല. പിന്നീട് ആയിരം കോടിയുടെ പദ്ധതി ടെന്‍ഡര്‍ ഇല്ലാതെ, മുഖ്യമന്ത്രിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിയാരുന്ന ശിവശങ്കരന്റെ നിര്‍ദ്ദേശപ്രകാരം 1500 കോടി രൂപയാക്കി. അപ്പോള്‍ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്തു. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞ പദ്ധതിയില്‍ 5 ശതമാനം പേര്‍ക്ക് പോലും ഗുണം ലഭിച്ചില്ല. സിഎജിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലും കെ ഫോണില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെഎസ്ഇബി സിഎജിക്ക് നല്കിയ രേഖകള്‍ പുറത്ത് വന്നപ്പോഴാണ് കെ ഫോണില്‍ ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധപ്പെട്ട രണ്ട് കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് നിയമസഭയിലും പുറത്തും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ആ ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. സമാനമായ അഴിമതി നടന്ന എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഞാനും രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് കൃത്യമായ രേഖകള്‍ സഹിതം കെ ഫോണ്‍ പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. അത് എങ്ങനെയാണ് പബ്ലിസിറ്റി ഇന്ററസ്റ്റാകുന്നത്?
മാധ്യമങ്ങളോടും പൊതുയോഗത്തിലും സംസാരിച്ചില്‍ പബ്ലിസിറ്റി കിട്ടും. അല്ലാതെ കോടതിയില്‍ പോയാല്‍ എങ്ങനെയാണ് പബ്ലിസിറ്റി കിട്ടുന്നത്. അഭിഭാഷകന് എന്ന നിലയില്‍ പൊതുതാല്പര്യ ഹര്‍ജിയും ഭരണഘടനയും എന്താണെന്ന് എനിക്ക് അറിയാം. ഭരണകൂടങ്ങളില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ നീതി കോടതിയില്‍ നിന്നും ലഭിക്കുമെന്നാണ് പൊതുജനങ്ങള്‍ വിശ്വസിക്കുന്നത്. നീതി തേടി കോടതിയില്‍ പോയപ്പോള്‍ കോടതി വിമര്‍ശിക്കുകയല്ല പരിഹസിക്കുകയാണ് ചെയ്തത്.
പ്രതിപക്ഷ നേതാവ് പൊതുതാല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ പരിഹസിക്കുകയാണോ വേണ്ടതെന്ന് കോടതി തന്നെ പരിശോധിക്കട്ടെ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നീതി തേടി കോടതിയെ സമീപിക്കുമ്പോള്‍ ഇങ്ങനെ പരിഹസിച്ചാല്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കോടതി നടപടി ബഹുമാനത്തോടെ നോക്കിക്കാണുന്നു.
ഖജനാവില്‍ നിന്നും 1500 കോടി രൂപ ചെലവഴിച്ചതിന് പകരമായി 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് അഞ്ച് ശതമാനത്തിന് പോലും പ്രയോജനമുണ്ടായില്ല. കെ ഫോണ്‍ സേവനം വേണ്ടെന്ന് പല സര്‍ക്കാര്‍ ഓഫീസുകളും പറഞ്ഞു തുടങ്ങി. പദ്ധതിക്ക് പിന്നില്‍ വ്യക്തമായ അഴിമതി നടന്നിട്ടുണ്ട്. ഇതില്‍ പൊതുതാല്പര്യം ഇല്ലെങ്കില്‍ പിന്നെ മറ്റ് എന്തിലാണ് പൊതുതാല്‍പര്യമുള്ളത്? ഞാനും നിങ്ങളും നല്കുന്ന നികുതി പണത്തില്‍ നിന്നാണ് 1500 കോടി നല്‍കിയത്. അല്ലാതെ ഇവരുടെ ആരുടെയും സ്ഥലംവിറ്റുണ്ടാക്കിയ പണമല്ല ചെലവഴിച്ചത്. ഇതാണ് പൊതുതാല്പര്യം. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും.