Gulf

സൗദിയില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വരുന്നു; മിഡില്‍ ഈസ്റ്റില്‍ ആദ്യം

Published

on

റിയാദ്: രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് എസ്എആര്‍ ഈ പ്രഖ്യാപനം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ഇതോടെ മിഡില്‍ ഈസ്റ്റില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ലഭിക്കുന്ന ആദ്യത്തെ രാജ്യമാവും. രാജ്യം കൂടുതല്‍ സുസ്ഥിരമായ ഗതാഗത സംവിധാനങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതിനാല്‍, പരിസ്ഥിതിക്ക് അനുയോജ്യമായ ഹൈഡ്രജന്‍ ട്രെയിന്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് എസ്എആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്ന കൂടുതല്‍ സുസ്ഥിരമായ ഗതാഗത സംവിധാനത്തിലേക്ക് നീങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും എസ്എആര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സാലിഹ് അല്‍ ജാസര്‍ പറഞ്ഞു.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി ആവിഷ്‌കരിച്ച സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവില്‍ ശുദ്ധമായ ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ എസ്എആര്‍ രാജ്യത്തിന് സമര്‍പ്പിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ സമ്പദ്‌വ്യവസ്ഥകളും വ്യവസായങ്ങളുമെല്ലാം കുറഞ്ഞ കാര്‍ബണ്‍ ഉദ്‌വമന സാങ്കേതികവിദ്യയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തില്‍ നിന്നും പ്രകൃതി വാതകത്തില്‍ നിന്നും സൃഷ്ടിക്കാന്‍ കഴിയുന്ന ഹൈഡ്രജന്‍ വരും വര്‍ഷങ്ങളില്‍ ഒരു നിര്‍ണായക ഇന്ധനമായി മാറുമെന്ന് പരക്കെ പ്രവചിക്കപ്പെടുന്നു.

ഹൈഡ്രജന്‍ ഇന്ധനങ്ങള്‍ നീല, പച്ച, ചാരനിറം എന്നിവയുള്‍പ്പെടെ നിരവധി വകഭേദങ്ങളിലുണ്ട്. പ്രകൃതി വാതകം ഉപയോഗിച്ചാണ് നീല, ചാര, പച്ച ഹൈഡ്രജന്‍ ഉണ്ടാക്കുന്നത്. ജലത്തിന്റെ വൈദ്യുതവിശ്ലേഷണത്തിലൂടെ പച്ച ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version