Kerala

174 കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടം; 4 പുതിയ ഭവനസമുച്ചയങ്ങളുമായി ലൈഫ് മിഷൻ

Published

on

തിരുവനന്തപുരം: ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങൾക്കായി നിർമ്മിച്ച നാല് ഭവന സമുച്ചയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കടമ്പൂര്‍, കൊല്ലം പുനലൂര്‍, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂര്‍ എന്നിവടങ്ങളിലാണ് ലൈഫ് മിഷൻ ഭവനസമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. 6.7 കോടി മുതൽ 7.85 കോടി വരെ ചെലവഴിച്ചാണ് നാല് ഭവനസമുച്ചയവും നിർമ്മാണം പൂര്‍ത്തിയാക്കിയത്. ഹാള്‍, രണ്ട് കിടപ്പുമുറികള്‍, അടുക്കള, കക്കൂസ്, കുളിമുറി, ബാല്‍ക്കണി എന്നിവ ഉൾപ്പെടുന്നതാണ് ഓരോ യൂണിറ്റും. പൊതുവായ ഇടനാഴിയും കുഴൽകിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും ജനറേറ്ററും സോളാര്‍ ലൈറ്റ് സംവിധാനവുമെല്ലാം ഒരോ സമുച്ചയത്തിലും ഉണ്ട്.

ലൈഫ് മിഷൻ സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന 29 ഭവനസമുച്ചയങ്ങളില്‍ ആദ്യത്തെ നാലെണ്ണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത്‌ പൂർത്തിയായത്‌ 3,39,822 വീടുകളാണെന്ന് തദ്ദേശ സ്വയംഭരണവുകപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത് ഇതിൽ അരലക്ഷത്തിലധികം (54,430) വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160 വീടുകളുടെ നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.

കണ്ണൂര്‍ കടമ്പൂരിൽ നാല് നിലകളിലായി 44 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്ലാറ്റാണ് നിര്‍മ്മിച്ചത്. 41.03 സെന്‍റില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ആകെ വിസ്തീര്‍ണം 26857 ചതുരശ്ര അടിയാണ്. ഇതില്‍ ഒരോ വീടിന്‍റെയും വിസ്തീര്‍ണ്ണം 511.53 ചതുരശ്ര അടി. ആകെ ചെലവ് 6.70 കോടി രൂപയാണ്. കൊല്ലം പൂനലൂര്‍ മുനിസിപ്പാലിറ്റിയിലെ വീടും ഭൂമിയുമില്ലാത്തവർക്കായി 50 സെന്‍റില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മിച്ച ഭവനസമുച്ചയത്തിൽ നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. കെട്ടിടത്തിന്‍റെ ആകെ വിസ്തീര്‍ണം 28857 ചതുരശ്ര അടിയാണ്. ഇതില്‍ ഒരു വീടിന്‍റെയും വിസ്തീര്‍ണ്ണം 511.53 ചതുരശ്ര അടി. ആകെ ചെലവ് 7.63 കോടി രൂപയാണ്.

ഇടുക്കി കരിമണ്ണൂരിലെ ലൈഫ് ഭവനസമുച്ചയം 42 കുടുംബങ്ങള്‍ക്ക് തണലേകും. ഓരോ കുടുംബത്തിനും 517 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്‍റുകളാണ് കരിമണ്ണൂരിൽ ഒരുക്കിയിട്ടുള്ളത്. പൊതു ആവശ്യത്തിനുള്ള ഒരു അംഗന്‍വാടിയും ഒരു വയോജന കേന്ദ്രവും ഇവിടെ പ്രത്യേകം നിര്‍മിച്ചിട്ടുണ്ട്. 50 സെന്‍റില്‍ 28830 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ നിര്‍മ്മിച്ച ഭവനസമുച്ചയത്തിന്‍റെ ആകെ നിര്‍മ്മാണ ചെലവ് 7.85 കോടി രൂപയാണ്.

കോട്ടയം വിജയപുരത്തെ ലൈഫ് ഫ്ലാറ്റിന്‍റെ ദൃശ്യങ്ങള്‍ കാണാം. 55.8 സെന്‍റില്‍ നിര്‍മിച്ച ഭവനസമുച്ചയത്തിൽ നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. ആകെ വിസ്തീര്‍ണം 26848 ചതുരശ്ര അടിയാണ്. ഇതില്‍ ഒരു വീടിന്‍റെ വിസ്തീര്‍ണ്ണം 512 ചതുരശ്ര അടിയാണ്.

ഇന്ന് രാവിലെ 10.30ന് കണ്ണൂര്‍ കടമ്പൂരിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടമ്പൂരിലെ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവര്‍കോവിൽ എന്നിവര്‍ പങ്കെടുക്കും. അതേ സമയം തന്നെ കൊല്ലം പുനലൂരിലെ ഭവനസമുച്ചയത്തിൽ മന്ത്രിമാര്‍ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും, കോട്ടയം വിജയപുരത്ത് വി എൻ വാസവനും, ഇടുക്കി കരിമണ്ണൂരിൽ റോഷി അഗസ്റ്റിനും ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version