ദുബായ്: യുഎഇയിലെ ഭാഗ്യനറുക്കെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ സമ്മാനം വാരിക്കൂട്ടുന്നത് തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 10 ലക്ഷം ഡോളര്‍ (8.30 കോടി രൂപ) പാരിതോഷികമായി ലഭിച്ചു. ഇന്ത്യന്‍ പൗരനായ സയ്യിദ് അലി ബാദുഷയാണ് ഭാഗ്യവാന്‍.
1999ല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ച ശേഷം മില്യണ്‍ ഡോളര്‍ നേടുന്ന 215ാമത്തെ ഇന്ത്യന്‍ പൗരനാണ് സയ്യിദ് അലി ബാദുഷ. ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ സംഘാടകര്‍ക്ക് കഴിയാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരാണ് എപ്പോഴും ടിക്കറ്റുകള്‍ കൂടുതലായി വാങ്ങാറുള്ളത്.
ഇന്നലെ നടന്ന ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ രണ്ടിലായിരുന്നു നറുക്കെടുപ്പ്. സയ്യിദ് അലി ബാദുഷ ഓഗസ്റ്റ് 30ന് ഓണ്‍ലൈനില്‍ വാങ്ങിയ 4392 ടിക്കറ്റ് നമ്പറിലുള്ള മില്ലേനിയം മില്യണയര്‍ സീരീസ് 434നാണ് ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചത്.
ദുബായ് ഡ്യൂട്ടി ഫ്രീ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ രമേഷ് സിദാംബിയുടെ നേതൃത്വത്തില്‍ സിനാദ് എല്‍ സിബായ്, മൈക്കല്‍ ഷ്മിത്ത്, ഇല്‍ഹാം അല്‍ മുല്ല തുടങ്ങിയവരാണ് നറുക്കെടുപ്പ് നടത്തിയത്. മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിന് ശേഷം രണ്ട് ആഡംബര വാഹനങ്ങള്‍ക്കായുള്ള സര്‍പ്രൈസ് നറുക്കെടുപ്പും നടത്തി. റീട്ടെയില്‍ സപ്പോര്‍ട്ട് സീനിയര്‍ മാനേജര്‍ തങ്കച്ചന്‍ വര്‍ഗീസും സര്‍പ്രൈസ് നറുക്കെടുപ്പില്‍ സംബന്ധിച്ചു.
മെഴ്‌സിഡസ് ബെന്‍സ് എസ് 500 മോഡല്‍ ഡയമണ്ട് വൈറ്റ് കാര്‍ സമ്മാനമായി ലഭിച്ചത് ദുബായിലെ പ്രവാസിയും 47 കാരനുമായ ജര്‍മന്‍ പൗരന്‍ ബിഷര്‍ ഷിബ്‌ലാഖിനാണ്. സെപ്തംബര്‍ 7ന് ഓണ്‍ലൈനില്‍ വാങ്ങിയ ഫൈനെസ്റ്റ് സര്‍പ്രൈസ് സീരീസ് 1851 ലെ ടിക്കറ്റ് നമ്പര്‍ 0218 നാണ് നറുക്ക് വീണത്.
15 വര്‍ഷമായി യുഎഇയില്‍ സ്ഥിരതാമസക്കാരനായ ബിഷര്‍ അഭിഭാഷകനായി ജോലി ചെയ്തുവരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ ബിഷര്‍ എട്ട് വര്‍ഷമായി സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഞാന്‍ വിജയിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ ബിഷര്‍ ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി രേഖപ്പെടുത്തി.
ഹാര്‍ലി ഡേവിഡ്‌സണ്‍ നൈറ്റ്സ്റ്റര്‍ മോട്ടോര്‍ ബൈക്ക് ലഭിച്ചത് ഫ്രഞ്ച് പൗരനായ യുഎഇ പ്രവാസി സ്റ്റെഫാന്‍ ഗില്ലറെറ്റിനാണ്. സെപ്തംബര്‍ ഒന്നിനാണ് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഫൈനെസ്റ്റ് സര്‍പ്രൈസ് സീരീസ് 549ലെ ടിക്കറ്റ് നമ്പര്‍ 0809 ആണ് സമ്മാനം. 2002ല്‍ ആരംഭിച്ച ഫൈനെസ്റ്റ് സര്‍പ്രൈസ് പ്രമോഷനില്‍ മോട്ടോര്‍ബൈക്ക് നേടുന്ന 11ാമത്തെ ഫ്രഞ്ച് പൗരനാണ് ഗില്ലറെറ്റ്.