Bahrain

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു; ഭര്‍ത്താവിന് പിഴ ശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി

Published

on

മനാമ: ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ബന്ധുക്കളെ കേൾപ്പിച്ച കേസിൽ ഭർത്താവിന് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി. ബഹ്റൈനിലെ കാസേഷൻ കോടതി 50ദിനാറാണ് ശിക്ഷയായി വിധിച്ചത്. ഒപ്പം കുറ്റകൃത്യത്തിനായി ഉപയോ​ഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഭാര്യയുടെ അനുമതിയില്ലാതെ ഫോൺകോളുകൾ ഭർത്താവ് റെക്കോർഡ് ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു. സ്വകാര്യ സംഭാഷണങ്ങൾ ചോർത്തിയെടുക്കാൻ ബെഡ്റൂമിലും വാഹനത്തിലും റെക്കോഡിം​ഗ് ഉപകരണങ്ങൾ രഹസ്യമായി വെച്ചിരുന്നുവെന്ന് യുവതി ആരോപിച്ചു. സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം നിയമവിരുദ്ധമായി റെക്കോർഡ് ചെയ്യുകയും തന്‍റെ സഹോദരനെ കേൾപ്പിച്ച് കൊടുക്കുകയും ചെയ്തു. മറ്റൊരു സന്ദര്‍ഭത്തില്‍ ഭാര്യയും മകളും കാറില്‍ സഞ്ചരിക്കവെ അവരുടെ സംഭാഷണവും രഹസ്യ ഉപകരണം ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുകയും അത് ബന്ധുക്കള്‍ക്ക് കേള്‍പ്പിച്ചു കൊടുക്കുകയും ചെയ്തുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.

ഭാര്യയെയും ബന്ധുക്കളെയും തമ്മില്‍ തെറ്റിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തി ചെയ്തത്. ഇത് മകളെ വലിയ പ്രയാസം ഉണ്ടാക്കിയതായും യുവതി പറഞ്ഞു. യുവതിയുടെ പരാതിയ്ക്ക് പിന്നാലെ കേസ് പരിഗണിച്ച കോടതി ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ പകര്‍ത്തിയ പ്രവൃത്തി ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്രിമിനല്‍ ഉത്തരവ് ഇറക്കുകയും ചെയ്തു.

അതോടൊപ്പം 20 ദിനാര്‍ പിഴയൊടുക്കാനും കൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം ക്രിമിനൽ കുറ്റം ഒഴിവാക്കണെന്ന് കാണിച്ചുകൊണ്ട് ഭർത്താവ് കോടതിയിൽ ഹർജി നൽകി. തുടർന്ന് ഹർജി പരി​ഗണിച്ച കോടതി കുറ്റം ഒഴിവാക്കി പിഴ തുക ഉയർത്തി 50 ദിനാറാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version