Gulf

ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം അടച്ചു; ജബല്‍ അലിയിലെ പുതിയ ക്ഷേത്രത്തില്‍ വിപുലമായ ആരാധനാ സൗകര്യം

Published

on

ദുബായ്: ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം  അടച്ചു. ജബല്‍ അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വിപുലമായ ആരാധനാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്. ഇന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ക്ഷേത്ര ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു.

1950ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്. ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി നേരത്തെ നോട്ടീസ് പതിച്ചിരുന്നു. യുഎഇയുടെ സഹിഷ്ണുതയുടെ പ്രതിരൂപമായി നിലകൊള്ളുന്ന നിർമ്മിതി കൂടിയാണ് ഈ ക്ഷേത്രം. പ്രവാസത്തിന്റ മൂന്ന് തലമുറകൾക്ക് മുമ്പാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. പിന്നീട് യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായി ക്ഷേത്രം മാറി.

രാവിലെ ആറു മുതൽ രാത്രി പത്ത് വരെയാണ് ക്ഷേത്രത്തിലെ ദർശന സമയം. വിശേഷ ദിവസങ്ങളിൽ ദർശന സമയം കൂട്ടാറുണ്ട്. ഹൈന്ദ​വ വിശ്വാസികളായ നിരവധി ഇന്ത്യൻ വംശജർ പതിവായി എത്തുന്ന ഇടം കൂടിയാണ് ബർ ദുബായി ശിവക്ഷേത്രം. അതേസമയം കൂടുതൽ ഭക്തരെ ഉൾക്കൊള്ളാനുള്ള പരിമിതിയുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്തർക്ക് കൂടുതൽ സൗകര്യത്തോടെ പ്രാർത്ഥനയും മറ്റും നിർവ്വഹിക്കാൻ സാധിക്കും വിധം വിശാലമായ ജബൽ അലിയിലെ പുതിയ ക്ഷേത്രത്തിലേക്ക് ശിവക്ഷേത്രം മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version