Gulf

ഒളിപ്പിച്ചത് ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളില്‍; കുവൈറ്റില്‍ 27 കോടി രൂപയുടെ മദ്യ കുപ്പികള്‍ പിടിച്ചെടുത്തു

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സമീപകാലത്തെ ഏറ്റവും വലിയ മദ്യവേട്ട. 10 ലക്ഷം കുവൈറ്റ് ദിനാര്‍ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തത്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍ കണ്ടെയ്നറുകളിലാണ് മദ്യ കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. ഏഷ്യന്‍ രാജ്യത്തുനിന്നുള്ള ഫര്‍ണിച്ചര്‍ കണ്ടെയ്നറാണിത്. ഈ വര്‍ഷാരംഭത്തിനു ശേഷം രാജ്യത്ത് ഇറക്കുമതിക്കിടെ പിടിക്കപ്പെടുന്ന ഏറ്റവും വലിയ മദ്യശേഖരമാണിതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

കുവൈറ്റിലെ അല്‍ ഷുവൈഖ് തുറമുഖത്ത് പിടിച്ചെടുത്ത മദ്യ കുപ്പികളുടെ വൈവിധ്യമാര്‍ന്ന ശേഖരം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ മന്ത്രാലയം പുറത്തുവിട്ടു. കള്ളക്കടത്ത് ഓപ്പറേഷനില്‍ ഉള്‍പ്പെട്ട മൂന്ന് വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിപാനീയങ്ങള്‍ തുടര്‍നിയമനടപടികളുടെ ഭാഗമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

കസ്റ്റംസിന്റെ പൊതുഭരണവുമായി ഏകോപിപ്പിച്ച് മദ്യവ്യാപാരികള്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കുമെതിരെ ക്രിമിനല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തുന്ന ‘വേദനാജനകവും തുടര്‍ച്ചയായതുമായ സമരം’ എന്നാണ് ആഭ്യന്തര മന്ത്രാലയം വന്‍ മദ്യവേട്ടയെ വിശേഷിപ്പിച്ചത്.

പണം വെളുപ്പിക്കല്‍, തട്ടിപ്പ്, ബ്ലാക്ക്മെയില്‍ കേസുകളില്‍ പെട്ട ഏഴു വിദേശികളെ കുവൈറ്റ് ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കഠിന തടവ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രതികളെ രാജ്യത്തുനിന്ന് നാടുകടത്തും. പ്രതികളില്‍ അഞ്ചു പേര്‍ യൂറോപ്യന്‍ രാജ്യത്താണ് കഴിയുന്നത്. ഇവരുടെ അഭാവത്തിലാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ചത്.

കുവൈറ്റ് പൗരന്‍ നല്‍കിയ പരാതിയിലായിരുന്നു കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രണ്ടു വിദേശ വനിതകള്‍ തന്നെ കബളിപ്പിച്ച് 1,57,000 ദിനാര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. പ്രതികള്‍ വിദേശത്തായതിനാല്‍ പരാതി നല്‍കാന്‍ തുടക്കത്തില്‍ കുവൈത്തി പൗരന്‍ മടിച്ചിരുന്നു.

വിദേശത്തുള്ള വ്യാപാര പ്ലാറ്റ്ഫോമുകള്‍ വഴി നിക്ഷേപം നടത്തുന്നതിലൂടെ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചായിരുന്നു ഇടപാടുകള്‍. ഭീമമായ തുക വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സമ്മര്‍ദം ചെലുത്തി. ഭീകര പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പേര് നീക്കം ചെയ്യാന്‍ സഹായിക്കുന്നതിന് കൂടുതല്‍ പണം കൈമാറണമെന്ന് ആവശ്യപ്പെട്ടും കുവൈത്തി പൗരനെ സംഘം ബ്ലാക്ക്മെയില്‍ ചെയ്തു. കുവൈറ്റിലുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റു അഞ്ചു വിദേശികള്‍ അടങ്ങിയ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണ് ഇരു വനിതകളുമെന്ന് വ്യക്തമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version