ദുബായ്: കഴിഞ്ഞ വ്യാഴാഴ്ച ഉമ്മുല്‍ ഖുവൈനില്‍ എയ്‌റോഗള്‍ഫ് ‘ബെല്‍ 212’ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷം രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ച് എയ്‌റോഗള്‍ഫ് കമ്പനി പ്രസ്താവന ഇറക്കി.
‘ഹെലികോപ്റ്ററില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. രണ്ട് ജീവനക്കാര്‍ മാത്രമാണ് കയറിയിരുന്നത്. ഖേദകരമെന്നു പറയട്ടെ, രണ്ട് ജീവനക്കാരും മരിച്ചുവെന്ന് ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയും’- കമ്പനി അറിയിച്ചു. ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും ഒരു ഓഫ്‌ഷോര്‍ റിഗിനുമിടയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. ഹെലികോപ്റ്റര്‍ സെപ്റ്റംബര്‍ ഏഴിന് രാത്രി 8.07ന് യുഎഇ തീരത്തോടടുത്ത കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഒരു പൈലറ്റിന്റെ മരണം കഴിഞ്ഞ വെള്ളിയാഴ്ച യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ ക്രൂ അംഗത്തിനായി തിരച്ചില്‍ തുടര്‍ന്നു. ഈ സമയം മരിച്ച പൈലറ്റ് ഏത് രാജ്യക്കാരനാണെന്ന് പുറത്തുവിട്ടിരുന്നില്ല. അപകടത്തില്‍പെട്ട പൈലറ്റുമാരില്‍ ഒരാള്‍ ഈജിപ്തുകാരനും മറ്റൊരാള്‍ ദക്ഷിണാഫ്രിക്കക്കാരനുമാണെന്ന് അതോറ്റി അറിയിച്ചിരുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ പ്രയാസകരമായ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
യുഎഇ വ്യോമയാന അധികാരികളുമായി ചേര്‍ന്ന് അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിനും അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് എയ്‌റോഗള്‍ഫും അറിയിച്ചു. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാണ് എയ്‌റോഗള്‍ഫ് പ്രവര്‍ത്തിച്ചുവരുന്നത്. പരമാവധി വേഗത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഹെലികോപ്റ്റര്‍ ഓപറേറ്റര്‍ കമ്പനി വിശദീകരിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന് കമ്പനി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ഒപ്പം കമ്പനി ഉണ്ടെന്നും സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കമ്പനി പ്രസ്താവിച്ചു.
മുന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ക്യാപ്റ്റനും ഭാര്യയും കഴിഞ്ഞ ജൂലൈ 28ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേണിനു സമീപം വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. കാബൂള്‍ച്ചര്‍ എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ അവരുടെ ലൈറ്റ് എയര്‍ക്രാഫ്റ്റ് മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അറുപതുകളുടെ മധ്യത്തില്‍ പ്രായമുള്ള ഓസ്‌ട്രേലിയന്‍ ദമ്പതിമാരായ ഡേവിഡും ജാന്‍ മാഡേണും അപകടസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. യുഎഇയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ ശേഷം അവര്‍ ബ്രിസ്‌ബേണില്‍ താമസിച്ചുവരികയായിരുന്നു. 1991ലാണ് ദുബായിലെ എമിറേറ്റ്‌സില്‍ എയര്‍ബസ് വിമാനങ്ങള്‍ പറത്തുന്ന ഫസ്റ്റ് ഓഫീസറായി നിയമിതനായത്. രണ്ട് വര്‍ഷത്തിന് ശേഷം ക്യാപ്റ്റനായി.