Gulf

ശക്തമായ മൂടൽ മഞ്ഞ്: യുഎഇയിൽ ജാഗ്രതാ നിർദ്ദേശം; റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Published

on

അബുദബി: ശക്തമായ മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്, വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി വരും ദിവസങ്ങളില്‍ രാജ്യത്തെ താപ നില കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പുലര്‍കാലങ്ങളിലും രാവിലെയും ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ എമിറേറ്റുകളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. മലയോര മേഖലകളിലാണ് മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തം. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വിവിധ എമിറേറ്റിലെ പൊലീസ് സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. വിവിധ റോഡുകളിലെ വേഗ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.വിവിധ പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 31ഉം പര്‍വതപ്രദേശങ്ങളില്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില താഴ്‌ന്നേക്കാം. രാജ്യം ക്രമേണ ശൈത്യകാലത്തിലേക്ക് പോകുന്നതിന്‍റെ ഭാഗമായാണ് താപനിലയിലെ ഈ മാറ്റം. ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യം ശൈത്യകാലത്തിലേക്ക് കടക്കുക. കാലാവസ്ഥാ മാറ്റത്തിനൊപ്പം പകല്‍ സമയത്തിന്റെ ദൈര്‍ഘ്യത്തിലും കുറവ് ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version