കണ്ണൂർ: മുടിവെട്ടാൻ നൂറുരൂപയുമായി വീട്ടിൽനിന്ന് പോയ 16കാരനെ 17-ാം ദിവസം ബെംഗളൂരുവിൽനിന്ന് കണ്ടെത്തി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷസിനെയാണ് രണ്ടാഴ്ചയായി തുടരുന്ന അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 17ന് രാവിലെ മുടിവെട്ടാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ഷസ്. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല.
സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് ഷസിനായി തെരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. വീട്ടിൽനിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല.
മുടിവെട്ടാൻ പോയ ഷസ് അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി. കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും പിന്നിടുമ്പോഴും കുട്ടി എവിടെയെന്ന് കണ്ടാത്താനായിരുന്നില്ല. മുടി മുറിക്കാൻ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപ മാത്രമാണ് കയ്യിലുണ്ടായിരുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയ വഴി കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ കുട്ടി എത്തിയതായി വിവരം പങ്കുവെച്ച് വീഡിയോ പുറത്തുവന്നിരുന്നു. ബെംഗളൂരു മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചത്. ഇതിന്റെ പിന്നാലെ അന്വേഷിച്ചാണ് ഒടുവിൽ കുട്ടിയെ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്.