ദമ്മാം: സൗദി അറേബ്യയില്‍ വീട്ടുജോലി ചെയ്യാനെത്തി ദുരിതത്തിലായ ആറ് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേക്ക് മടങ്ങി. എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലുകളും സഹായങ്ങളും ലഭിച്ചതോടെയാണ് ഇവര്‍ ദുരിതജീവിതത്തില്‍ നിന്ന് കരകയറിയത്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍.
ജോലി ചെയ്ത സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടിയതോടെ ഇവരെ സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയതിനാല്‍ നാട്ടിലേക്കുള്ള മടക്കം എളുപ്പമായിരുന്നില്ല. ഹൂറൂബ് (റണ്‍ എവേ) അഥവാ ഒളിച്ചോടിയതാണെന്ന് അധികൃതരെ തൊഴിലുടമ രേഖാമൂലം അറിയിച്ചാല്‍ മറ്റൊരു സ്ഥലത്ത് ജോലിചെയ്യാനോ ഹുറൂബ് നീക്കാതെ നാട്ടിലേക്ക് മടങ്ങാനോ സാധ്യമല്ല.
ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തത് ഉള്‍പ്പെടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ കാരണമാണ് ആറ് വനിതകള്‍ വീട് വിട്ടിറങ്ങിയത്. സൗദിയുടെ പല ഭാഗത്തെ വീടുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. സ്‌പോണ്‍സര്‍മാര്‍ ഹുറൂബില്‍ പെടുത്തിയതിനെ തുടര്‍ന്ന് വേലക്കാരികള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയിയില്‍ അഭയം തേടി. ഇവരുടെ കേസുകള്‍ കൈകാര്യംചെയ്യാനായി എംബസി സാമൂഹിക പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയും അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു.
അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എക്‌സിറ്റ് രേഖകള്‍ ലഭിക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, നാസ് വക്കം എന്നിവര്‍ ശ്രമമാരംഭിച്ചു. ആറുപേര്‍ക്കും ദമ്മാം തര്‍ഹീല്‍ വഴി എക്‌സിറ്റ് ലഭ്യമാക്കിയതോടെ നാട്ടിലേക്ക് മടങ്ങുന്നതിന് ഇന്ത്യന്‍ എംബസി താല്‍ക്കാലിക പാസ്‌പോര്‍ട്ട് അനുവദിക്കുകയും വിമാന ടിക്കറ്റ് നല്‍കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയുടെ വെല്‍ഫയര്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക ലഭ്യമാക്കിയത്.
എട്ട് വര്‍ഷം വരെ സൗദിയില്‍ വീട്ടുജോലി ചെയ്തവരും ഇവരിലുണ്ട്. ചിലര്‍ സൗദിയിലെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. എല്ലാവരും കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് തിരിച്ചത്.