മലയാള സിനിമയിൽ എന്നും യുവനിരയ്‌ക്കൊപ്പം നിൽക്കുന്നയാൾ എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ അറിയപ്പെടാറുള്ളത്. നിരവധി യുവപ്രതിഭകൾക്ക് വളർന്നുവരാനുള്ള സാഹചര്യം അദ്ദേഹം ഒരുക്കി കൊടുക്കാറുണ്ട് എന്നതും സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. നിരവധി യുവസംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും അദ്ദേഹം അദ്ദേഹത്തിന്റെ സിനിമയിലൂടെ സംവിധാന രംഗത്തേക്ക് ആദ്യ ചുവടുവയ്പ്പ് നടത്തുവാൻ അവസരം നൽകിയിട്ടുണ്ട്. അത്തരത്തിൽ മമ്മൂക്ക ചെയ്ത ചില സിനിമകൾ ഹിറ്റുകൾ സമ്മാനിച്ചിട്ടുമുണ്ട്. ഈ അടുത്തിടെ ഒരു അഭിമുഖത്തിനിടയിൽ മമ്മൂക്ക യുവസംവിധായകരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
“ഞാൻ ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ, അതൊരു പുതിയ ആളാണെന്നു നമുക്ക് തോന്നിയാൽ പോലും അയാളോടൊപ്പം ഞാൻ ആ സിനിമ ചെയ്യാം എന്ന് സമ്മതിക്കുന്നതിനു പിന്നിൽ ഒരു കാരണം ഉണ്ടാവും. അയാൾ എന്നോട് മറ്റുള്ളവർ പറയാത്ത എന്തോ ഒരു പുതിയ കാര്യം പറഞ്ഞു എന്നാണ് അതിന്റെ അർഥം. എനിക്ക് അയാൾ പറഞ്ഞു തന്നത് ഉറപ്പായും ഒരു പുതിയ അറിവ് ആയിരിക്കും. അങ്ങിനെ എനിക്ക് പുതിയ ഒരു അറിവ് പകർന്നു തരുന്ന ഒരാൾ എന്ന് പറയുമ്പോൾ തീർച്ചയായും അയാൾ എന്നേക്കാൾ ഒരുപടി മുൻപിലാണ് എന്ന ധാരണ എനിക്കുണ്ട്. ആ ധാരണയിൽ തന്നെയാണ് ഞാൻ മുന്നോട്ടുപോകുന്നതും. അങ്ങിനെ ഉള്ളവരോട് ഞാൻ വഴക്ക് ഉണ്ടാക്കാനോ, ബഹളം വയ്ക്കാനോ അങ്ങോട്ട് വയ്ക്ക് ഇങ്ങോട്ട് വയ്ക്ക് എന്നൊക്കെ പറയാൻ പോകുന്നതോ ആണോ ശരി. അങ്ങിനെയൊക്കെ ഞാൻ സംസാരിക്കാൻ പോയാൽ കാര്യങ്ങൾ പാളിപ്പോകും. അവർ കാര്യങ്ങൾ ചെയ്യട്ടെ” – മമ്മൂട്ടി പറയുന്നു.
നിരവധി ആരാധകരാണ് മമ്മൂക്കയുടെ ഈ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്.”എത്ര വ്യക്തമായ മറുപടി ഇദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടാണ് ഇപ്പോളും സിനിമാ ഫീൽഡിൽ മെഗാസ്റ്റാർ എന്ന രീതിയിൽ സത്യമായി നിലനിൽക്കുന്നതിനു കാരണം, ഒരു താരജാഡകളും ഇല്ലാതെ അദ്ദേഹം പറഞ്ഞ മറുപടിയിലുണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വം, ഇങ്ങിനെ യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ മലയാള സിനിമയിൽ മമ്മൂക്ക മാത്രമേയുള്ളു” എന്നിങ്ങിനെ പോകുന്നു ആരാധകരുടെ അഭിപ്രായങ്ങൾ. മമ്മൂട്ടിയെ നായകനാക്കി യുവസംവിധായകൻ റോബി വര്‍ഗ്ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററിലെത്തിയത് അടുത്തിടെയാണ്. ഛായാഗ്രാഹകൻ ആയ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കണ്ണൂർ സ്‌ക്വഡ്. റോബിയുടെ സഹോദരനും നടനുമായ റോണി ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൻ ഹൈപ്പോ പ്രൊമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ തന്നെ കേവലം മൗത്ത് പബ്ലിസിറ്റി കൊണ്ടുമാത്രം വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂർ സ്ക്വാഡ്’. ഒരു യുവ സംവിധായകൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഈ വർഷം മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറുമ്പോൾ അതിനു അദ്ദേഹത്തിന് അവസരം നൽകിയ മമ്മൂക്കയെ ഓർത്ത് മലയാളികള്‍ക്കും അഭിമാനമാണ്.