Entertainment

മലയാള സിനിമയുടെ പ്രതാപകാലം ആരംഭിച്ചോ? കോടികൾ കൊയ്ത ചില ചിത്രങ്ങൾ ഇതാ…

Published

on

2023 ജനുവരി മുതൽ ഇന്ന് വരെ മലയാള സിനിമ കള പറിക്കാൻ ഇറങ്ങി കിട്ടിയത് ബോക്സ് ഓഫീസിൽ 50 കോടി നേടിയ ആറ് ചിത്രങ്ങൾ. ഒരു സമയത്ത് മലയാള സിനിമയിൽ ലാഭം നേടുന്ന ചിത്രങ്ങൾ കുറവായിരുന്നു. പക്ഷേ കഴിഞ്ഞ വർഷം അതെല്ലാം തിരുത്തി ഒരുപാട് ചിത്രങ്ങൾ തിയേറ്ററിൽ എത്തി പ്രേക്ഷകർ അത് സ്വീകരിക്കുകയും ചെയ്തു.

ആദ്യം ഇറങ്ങി കളക്ഷൻ വാരികൂട്ടിയത് സൂപ്പർസ്റ്റാർ ചിത്രമല്ലായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാർ അണിനിരന്ന ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’ ആയിരുന്നു. 69.50 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള തലത്തിലുള്ള കളക്ഷൻ റിപ്പോർട്ട്. യാതൊരു ഹൈപ്പോ മുൻധാരണകളോ ഇല്ലാതെ എത്തിയ ചിത്രം സ്വന്തമാക്കിയത് 2023ലെ ഹിറ്റ് സിനിമ എന്ന സ്ഥാനമാണ്. ഓരോ ഷോ കഴിയുന്തോറും രോമാഞ്ചത്തിന് പ്രേക്ഷക പ്രീതി വർധിച്ചുവന്നു. ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ഈ യുവതാരങ്ങൾക്ക് സാധിച്ചു. സുഷിന്‍ ശ്യാം ആയിരുന്നു ചിത്രത്തിന് സംഗീതം പകർന്നത്.

ജൂഡ് ആന്തണി ജോസഫിന്റെ കരിയർ ബെസ്റ്റും ബ്ലോക്ക്ബസ്റ്ററുമായ ‘2018’ ആണ് അടുത്ത റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം. 2018-ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ 175 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടുകയും മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ സിനിമ എന്ന ഖ്യാതി നേടുകയും ചെയ്തു. മുൻപ് ഇന്ത്യയിൽ നിന്നും മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള ഔദ്യോഗിക ഓസ്കർ എൻട്രിയായി 2018 ഇടം നേടിയിരുന്നെങ്കിലും നോമിനേഷനിൽ കയറിക്കൂടാൻ സാധിച്ചിരുന്നില്ല.

സോഫിയ പോളിന്റെ ആറാമത് ചിത്രം, നഹാസ് ഹിദായത്ത് എന്ന പുതുമുഖ സംവിധായകൻ കൂടെ ഷെയിൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ അണിനിരന്ന ‘ആർ ഡി എക്സ്’. 100 കോടിയിലധികം രൂപയാണ് ‘ആർ ഡി എക്സ്’ ആഗോളതലത്തിൽ നേടിയത്. ഒരു പക്കാ ആക്ഷൻ എന്റർടൈനർ ഗണത്തിൽ പെടുത്താവുന്ന ചിത്രം അതിന്റെ മേക്കിങ് രീതിയും ആക്ഷനും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തി. റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർ ഡി എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ആകർഷക ഘടകം അന്‍പറിവ് എന്ന ആക്ഷൻ കൊറിയോഗ്രാഫർ ആയിരുന്നു.

അടുത്തത് മലയാള സിനിമ പ്രേക്ഷകർക്ക് മമ്മൂട്ടി സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ ആയിരുന്നു ‘കണ്ണൂർ സ്‌ക്വാഡ്’. ഒട്ടും ഹൈപ്പില്ലാതെ മലയാളം ബോക്സ് ഓഫീസിൽ കുതിപ്പുണ്ടാക്കിയ ചിത്രമാണിത് എന്നാണ് പ്രേക്ഷകരുടെ വാദം. ആഗോളതലത്തിൽ 100 കോടി അടുത്ത് ചിത്രം ബോക്സ് ഓഫീസിൽ നേടിയിരുന്നു. നവാഗതനായ റോബി വര്‍ഗീസ് രാജാണ് കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയാണ്. മികച്ച ത്രില്ലര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രമാണെന്നാണ് പ്രേക്ഷകർ അറിയിച്ചത്.

അടുത്ത ബ്ലോക്ക്ബസ്റ്റർ മോഹൻലാലിനും ആരാധകർക്കും ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നു. സൂപ്പർഹിറ്റ് കൂട്ടുകെട്ടിലെ നാലാമത് ചിത്രം ‘നേര്’. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മോഹൻലാലിന് കഴിഞ്ഞ വർഷം ഉണ്ടായ ഒരു ക്ഷീണം പാടെ മാറ്റിയെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. ഒരു കോർട്ട് റൂം ഡ്രാമ ചിത്രം ഇത്രയും വലിയ വിജയമായതിന്റെ പിന്നിൽ മോഹൻലാൽ – ജീത്തു ജോസഫ് എന്ന കോംബോയുടെ പങ്ക് ചെറുതല്ലായിരുന്നു. 100 കോടിയിലധികം രൂപയാണ് ‘നേര്’ ബോക്സ് ഓഫീസിൽ വാരികൂട്ടിയത്. വിജയമോഹന്‍ എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ എത്തിയത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

2023ലേത് പോലെ ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ എന്ന ടാഗ് നേടിയതും യുവതാരങ്ങൾ അണിനിരന്ന ‘പ്രേമലു’ എന്ന ചിത്രമാണ്. ആദ്യ ദിനം 90 ലക്ഷം മാത്രമേ നേടിയെങ്കിലും പിന്നീട് അങ്ങോട്ട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയമായി മാറിയ ഒരു ചിത്രമാണ് ‘പ്രേമലു’. ഇപ്പോഴിതാ 13 ദിവസങ്ങൾ പിന്നിടുമ്പോൾ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഗിരീഷിന്റെ ആദ്യ ചിത്രമായ ‘തണ്ണീർ മത്തൻ ദിനങ്ങളും ഇതുപോലെ മികച്ച കളക്ഷൻ നേടിയ ചിത്രമായിരുന്നു. ‘ഇയാൾ ചരിത്രം ആവർത്തിക്കുവാണല്ലോ’, ‘പിള്ളേർ ബോക്സ് ഓഫീസ് തൂക്കിയടിക്കുന്നു’, എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ. പ്രേമലുവിന്‍റെ വിജയം മലയാളക്കരയെ അമ്പരപ്പിച്ചിരിക്കുകയാണ്.

തൊട്ട് പുറകെ മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഈ വർഷത്തെ അടുത്ത റെക്കോർഡ് കളക്ഷൻ മാർക്ക് ചെയ്യാൻ മുന്നേറികൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ ഭ്രമയുഗവും 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ട്. ‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഇനിയും ഒരുപാട് നല്ല സിനിമകളും ബോക്സ് ഓഫീസ് തൂക്കിയടിയും മലയാള സിനിമ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. ഒട്ടനവധി നല്ല സിനിമകൾ ഇനിയും തിയേറ്ററിൽ റിലീസ് ചെയ്യാൻ ബാക്കിയുണ്ട്. ഒരിക്കൽ നഷ്ടപ്പെട്ട് പോയ മലയാള സിനിമയുടെ പ്രതാപകാലം തിരികെയെത്തിക്കാൻ ഇതുപോലെ കുറച്ച് ചിത്രങ്ങൾ മതി. കാത്തിരിക്കാം അടുത്ത ബ്ലോക്ക്ബസ്റ്ററിന് വേണ്ടി…

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version