രോഷപ്രകടനം അതിരുകടന്നതിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ( Indian Womens Cricket ) ഹര്‍മന്‍പ്രീത് കൗര്‍ ( Harmanpreet Kaur ) വെട്ടിലകപ്പെട്ടു. ഇന്ത്യന്‍ വനിതാ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിനിടെയുണ്ടായ സംഭവമാണ് ഹര്‍മന്‍പ്രീത് കൗറിനെ കടുത്ത നടപടിക്ക് പാത്രമാക്കിയത്. ബംഗ്ലാദേശ് വനിതാ ടീമിനെ നടന്ന മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അമ്പയര്‍ എല്‍ബിഡബ്ല്യു വിളിച്ചതില്‍ പ്രതിഷേധിച്ച് ഹര്‍മന്‍പ്രീത് കൗര്‍ വിക്കറ്റ് തട്ടിത്തെറിപ്പിക്കുകയും രൂക്ഷമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബാറ്റില്‍ ഉരസിയ പന്തിലാണ് അമ്പയര്‍ എല്‍ബിഡബ്ല്യു വിളിച്ചതെന്ന് മൈതാനം വിടുന്നതിനിടെ ആംഗ്യം കാണിക്കുകയും ചെയ്തു. മത്സരം ടൈയിലാണ് അവസാനിച്ചത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 226 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 225 ന് പുറത്തായി. പരമ്പര 1 – 1 സമനിലയിലും അവസാനിച്ചിരുന്നു.
മത്സരശേഷം ട്രോഫി വിതരണത്തിനിടെയും ഹര്‍മന്‍പ്രീത് കൗര്‍ അമ്പയറിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചു. ദയനീയമായ അമ്പയറിങ്ങ് എന്നായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ വിശേഷിപ്പിച്ചത്.
ഇതിനു പിന്നാലെ ഐസിസി ഹര്‍മന്‍പ്രീത് കൗറിന് മാച്ച് ഫീസിന്റെ 75 ശതമാനം പിഴയും അതോടൊപ്പം നാല് ഡിമെറിറ്റ് പോയിന്റും ശിക്ഷയായി വിധിക്കാൻ ഒരുങ്ങുകയാണ്. വിക്കറ്റ് അടിച്ചുതെറിപ്പിച്ചത് ഉള്‍പ്പെടെ മൈതാനത്ത് നടത്തിയ പ്രകടനങ്ങള്‍ക്കാണ് മാച്ച് ഫീസിന്റെ 50 ശതമാനം പിഴ. ട്രോഫി വിതരണത്തിനിടെ നടത്തിയ പ്രതികരണത്തിനാണ് ബാക്കിയുള്ള 25 ശതമാനം പിഴ ശിക്ഷ. ഇതിനെല്ലാം പുറമേ മത്സരവിലക്കും ഹര്‍മന്‍പ്രീത് കൗറിന് നേരിടേണ്ടിവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഹര്‍മന്‍പ്രീത് കൗറിനെതിരെ രണ്ട് മത്സര വിലക്കായിരിക്കും ഐസിസി ചുമത്തുക. അങ്ങനെയെങ്കില്‍ 2023 ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ രണ്ട് മത്സരങ്ങള്‍ ഹര്‍മന്‍പ്രീത് കൗറിന് നഷ്ടപ്പെടും. ഏഷ്യന്‍ ഗെയിംസ് ട്വന്റി – 20 ക്രിക്കറ്റില്‍ ആദ്യ നാല് റാങ്കിലുള്ള ഇന്ത്യന്‍ ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലാണ് കളിക്കുന്നത്. ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അതുകൊണ്ടുതന്നെ ഏഷ്യന്‍ ഗെയിംസ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഹര്‍മന്‍പ്രീത് കൗറിന് നഷ്ടപ്പെടും. ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ച് സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീം എത്തിയാല്‍ ആ മത്സരത്തിലും ഹര്‍മന്‍പ്രീത് കൗറിന് കളിക്കാന്‍ സാധിക്കില്ല.
ഏഷ്യന്‍ ഗെയിംസിന് ബിസിസിഐ ചരിത്രത്തില്‍ ആദ്യമായാണ് പുരുഷ – വനിതാ ടീമുകളെ അയയ്ക്കുന്നത്. 2022 ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ വനിതാ ടീം വെള്ളി മെഡല്‍ നേടിയിരുന്നു.