Gulf

ഹജ്ജ് വിസ വിതരണം മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 29 വരെ; ഒരുക്കങ്ങള്‍ തുടങ്ങി

Published

on

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വിസകള്‍ മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 29 വരെ ഇഷ്യു ചെയ്യുമെന്ന് സൗദി അധികൃതര്‍. 2024 ജൂണിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. 2024 ഹജ്ജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഈ വര്‍ഷം ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ സൗദി ഭരണകൂടം നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജിദ്ദയില്‍ നടന്ന നാല് ദിവസത്തെ ഹജ്ജ്-ഉംറ സേവന സമ്മേളന-പ്രദര്‍ശന പരിപാടിയില്‍ മന്ത്രി വിശദീകരിച്ചു. ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഒരുക്കിയ നൂതന സേവന പദ്ധതികള്‍ പരിചയപ്പെടുത്താന്‍ സമ്മേളനം സഹായകമായി. സുരക്ഷാ വിഭാഗങ്ങളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സുഗമവും സുരക്ഷിതവുമായ ഹജ്ജ് ഉറപ്പാക്കുന്നതിന് ഹജ്ജ് മന്ത്രാലയം ഏകോപിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

ഹാജിമാര്‍ക്ക് ഏറ്റവും മികച്ച അനുഭവമാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മക്ക മുനിസിപ്പാലിറ്റി തുടക്കമിട്ടിട്ടുണ്ട്. ഹജ്ജിന് മാത്രം ജനങ്ങള്‍ എത്തുകയും അല്ലാത്ത സമയത്തെല്ലാം വിജനമായി കിടക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കി അണുനശീകരണ ലായനികള്‍ തളിക്കാനും തെരുവ് മൃഗങ്ങളെ മാറ്റാനും തുടങ്ങിയതായി മക്ക മുനിസിപ്പാലിറ്റി അറിയിച്ചു.

മൂന്നാമത് ഹജ്ജ്-ഉംറ സേവന സമ്മേളനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജിദ്ദയില്‍ നടന്നത്. സമ്മേളനത്തിനും പ്രദര്‍ശനത്തിനും ആവശ്യമായ പിന്തുണ നല്‍കിയ സല്‍മാന്‍ രാജാവിന് മന്ത്രി അല്‍ റബീഅ നന്ദി രേഖപ്പെടുത്തി. സഹായങ്ങള്‍ നല്‍കിയ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

2023ല്‍ 18 ലക്ഷത്തിലധികം പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. കൊവിഡ്-19 മഹാമാരിക്ക് ശേഷം ഇത്രയധികം പേര്‍ പങ്കെടുക്കുന്നത് ആദ്യമാണ്. ഇതേ ക്വാട്ട ഈ വര്‍ഷവും നിലനിര്‍ത്താനാണ് സൗദി അധികൃതരുടെ തീരുമാനം. ഇന്ത്യയില്‍ നിന്ന് 1,75,000 പേരാണ് ഇത്തവണ ഹജ്ജിനെത്തുക. ഇന്ത്യന്‍ ഹാജിമാരുടെ യാതാ തീയതികള്‍, വിമാന ഷെഡ്യൂളുകള്‍, എംബാര്‍ക്കേഷന്‍ പോയിന്റുകള്‍, പുണ്യനഗരികളിലെ താമസം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച ഉഭയകക്ഷി ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദിയും കഴിഞ്ഞയാഴ്ച ഒപ്പുവച്ചിരുന്നു. ഇതിനായി കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും ജിദ്ദയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version