Gulf

അല്‍ഐനില്‍ ആലിപ്പഴവര്‍ഷത്തിന് സാധ്യത; അബുദാബിയുടെ ചില ഭാഗങ്ങളില്‍ പ്രതികൂല കാലാവസ്ഥ

Published

on

അബുദാബി: യുഎഇയിലെ അല്‍ഐനില്‍ ഇന്ന് വീണ്ടും കനത്ത ആലിപ്പഴവര്‍ഷത്തിന് സാധ്യത. അബുദാബിയുടെ ചില ഭാഗങ്ങളില്‍ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ടാഴ്ച മുമ്പ് അല്‍ഐനിലെ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഒരു മണിക്കൂറോളം ആലിപ്പഴം വര്‍ഷിക്കുകയും നിര്‍ത്തിയിട്ട നൂറ് കണക്കിന് കാറുകളുടെ ഗ്ലാസുകള്‍ തകരുകയും ചെയ്തിരുന്നു.

അല്‍ ഐനിലും അല്‍ ദഫ്‌റ മേഖലയുടെ തെക്കന്‍ പ്രദേശങ്ങളിലും ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിക്കുന്നു. കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ അധികൃതര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ രാജ്യത്ത് മഴ ശക്തമാവുമെന്ന് എന്‍സിഎം നേരത്തേ അറിയിച്ചിരുന്നു. ഫെബ്രുവരി 28 ബുധനാഴ്ച മുതല്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച വരെ പ്രതികൂല കാലാവസ്ഥ ആയിരിക്കും.

ആലിപ്പഴം വീഴുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്‍ ഐന്‍ നിവാസികള്‍ തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കണം. വാഹനങ്ങള്‍ ആലിപ്പഴ വര്‍ഷത്തില്‍ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

ഡ്രൈവര്‍മാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവൂ എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡ്രൈവിങ് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജാഗ്രതയോടെയും ദൃശ്യപരത കുറയുമ്പോള്‍ ലോ-ബീം ഹെഡ്ലൈറ്റുകള്‍ ഓണാക്കിയും വാഹനമോടിക്കണമെന്നാണ് നിര്‍ദേശം. വെള്ളക്കെട്ടുകളില്‍ വാഹനം ഇറക്കുകയോ നല്ല ഒഴുക്കുള്ള തോടുകള്‍ മുറിച്ചുകടക്കുകയോ അരുത്.

രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ആഭ്യന്തര മന്ത്രാലയവും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. യുഎഇയില്‍ വിവിധ തീവ്രതയിലുള്ള മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാവുന്നുണ്ട്. ഫെബ്രുവരി 12ന് അല്‍ ഐന്‍ നിവാസികള്‍ ഉണര്‍ന്നപ്പോള്‍ ആലിപ്പഴ വര്‍ഷത്തില്‍ തെരുവുകളും കുന്നുകളും താഴ്‌വാരങ്ങളും വെള്ളനിറമായി മാറിയിരുന്നു. വലിയ മഞ്ഞുകട്ടകള്‍ കാറുകളിലേക്കും കെട്ടിടങ്ങളുടെ ജനാലകളിലേക്കും മറ്റും പതിച്ച് നാശനഷ്ടങ്ങളുണ്ടായി.

ഇതുവരെ കണ്ടിട്ടില്ലാത്ത ആലിപ്പഴ വര്‍ഷമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്രയും ശക്തമായ തണുത്ത കാറ്റ് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് 40 വര്‍ഷമായി അല്‍ ഐനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ പ്രവാസി പറഞ്ഞു. യുഎഇയിലെ ‘ആലിപ്പഴ വേട്ടക്കാരന്‍’ എന്നറിയപ്പെടുന്ന ഫഹദ് മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ മഞ്ഞുവീഴ്ചയുടെ നിരവധി വീഡിയോകള്‍ പങ്കുവെച്ചു. മരുഭൂമിയില്‍ ഐസ് കാണുന്നത് ആദ്യമായിട്ടാണെന്ന് 11 വര്‍ഷമായി യുഎഇയിലുള്ള ഫിലിപ്പിനോ പ്രവാസി എയ്ഞ്ചല്‍ ഡുമഗിറ്റ് ഫ്രിയസ് പറഞ്ഞു. യുഎഇയിലാണ് താമസിക്കുന്നതെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്നായിരുന്നു 26 വര്‍ഷമായി അല്‍ഐനിലുള്ള മറ്റൊരു പ്രവാസിയുടെ പ്രതികരണം.
അല്‍ ഐനിലെ ജാഹിലിയില്‍ മാത്രം 500-600 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഒരു താമസക്കാരന്‍ പറഞ്ഞു. താന്‍ താമസിക്കുന്ന തെരുവില്‍ മാത്രം 100-150 കാറുകള്‍ തകര്‍ന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. പഴയതും പുതിയതുമായ 47 കാറുകള്‍ തകര്‍ന്നതിനാല്‍ 50 ലക്ഷം ദിര്‍ഹം നഷ്ടമായതായി ഒരു എമിറാത്തി വ്യവസായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version