Sports

രക്ഷകനായി ഗുര്‍പ്രീത്; സമനിലയില്‍ പിരിഞ്ഞ് ബെംഗളൂരു-ഗോവ മത്സരം

Published

on

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലയില്‍ പിരിഞ്ഞ് ബെംഗളൂരു-ഗോവ മത്സരം. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിതമായി പിരിയുകയായിരുന്നു. സീസണില്‍ എഫ്‌സി ഗോവ വഴങ്ങുന്ന ആദ്യ സമനിലയാണിത്. ഇതോടെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഗോവയുടെ ഒന്നാം സ്ഥാനം ഭീഷണിയിലായിരിക്കുകയാണ്. ഒരു വിജയം മാത്രം അക്കൗണ്ടിലുള്ള ബെംഗളൂരു ഒന്‍പതാം സ്ഥാനത്താണ്.

ആദ്യ പകുതിയില്‍ എഫ്‌സി ഗോവയുടെ ആധിപത്യമായിരുന്നു. പല ഗോവന്‍ മുന്നേറ്റങ്ങളും ബെംഗളൂരു കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികവ് കൊണ്ടുമാത്രമാണ് ലക്ഷ്യത്തിലെത്താതിരുന്നത്. ഫ്രീകിക്കില്‍ നിന്നും കാര്‍ലോസ് മാര്‍ട്ടിനസിന് ലഭിച്ച അവസരവും ജയ് ഗുപ്തയുടെ ശക്തമായ ഷോട്ടും ഗുര്‍പ്രീത് തട്ടിയകറ്റി. ആദ്യ പകുതിയില്‍ മാത്രം അഞ്ചോളം സേവുകള്‍ ഗുര്‍പ്രീത് നടത്തി. ബെംഗളൂരുവിന്റെ ശ്രമങ്ങളില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹെഡര്‍ ലക്ഷ്യം പിഴച്ചുപോയി.

ബെംഗളൂരുവിന്റെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതി ആരംഭിച്ചത്. 51-ാം മിനിറ്റില്‍ രോഹിത് ധനുവിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിങ് തടഞ്ഞു. വിക്ടര്‍ റോഡ്രിഗസിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്നുപോയി. ഇഞ്ച്വറി ടൈമില്‍ വീണ്ടും ഗുര്‍പ്രീത് രക്ഷകനായി. കോര്‍ണര്‍ കിക്കില്‍ നിന്നും ജയ് ഗുപ്ത തൊടുത്ത ഹെഡര്‍ ഗുര്‍പ്രീതിന്റെ കൈകളിലവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version