ദുബൈ : ലോകത്തിലെ ഏറ്റവും വലിയ വാർഷിക ആഗോള ഭക്ഷ്യ-പാനീയ പ്രദർശനമേളയായ ഗൾഫൂഡിന്റെ 28–ാം പതിപ്പിന് സമാപനം കുറിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിവേഗം വികസിക്കുന്ന മേഖലയായ ഫൂഡ് ആൻഡ് ബിവറേജസ് (എഫ്ആൻഡ്‌ബി) സമൂഹത്തെ ദുബായിൽ ഒരു കുടക്കീഴിൽ അണിനിരത്തി എന്ന സവിശേഷതയോടെയാണ് പ്രദർശനമേള സമാപിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യ ദിവസം തന്നെ ഗൾഫൂഡ് സന്ദർശിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 30 ശതമാനം വലുതായിട്ടാണ് ഇപ്രാവശ്യം പരിപാടി സജ്ജീകരിച്ചത്. അന്താരാഷ്ട്ര രംഗത്തുള്ള നിരവധി പ്രമുഖ ബ്രാൻ്റുകളും, കൂടുതൽ രാജ്യങ്ങളും, ഇത്തവണ ഭക്ഷ്യമേളയിൽ പങ്കാളികളായി.