Gulf

ഗള്‍ഫ് യാത്രാക്കപ്പല്‍: കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ ഈ മാസം 24ന് കേന്ദ്ര മന്ത്രിമാരെ കാണും

Published

on

ഷാര്‍ജ: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ ഉടന്‍ കേന്ദ്ര മന്ത്രിമാരെ കാണും. സപ്തംബര്‍ 24 ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചതായി ഗള്‍ഫ് യാത്രാക്കപ്പല്‍ സര്‍വീസിനായി നീക്കംനടത്തുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീം അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്നും നവംബറോടെ ട്രയല്‍ റണ്‍ നടത്തുമെന്നും വൈ എ റഹീം പറഞ്ഞു. 10,000 രൂപയ്ക്ക് യാത്രചെയ്യാമെന്നത് യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാകും. അമിതമായ എയര്‍ലൈന്‍ ചാര്‍ജുകള്‍ നല്‍കാതെ സ്വന്തം നാട്ടിലെത്താനും കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് വരാനും കഴിയും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും അനന്തപുരി ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് കേരള സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. യാത്രാക്കപ്പലിന് കേന്ദ്രം അനുമതി നിഷേധിക്കില്ലെന്നും പദ്ധതി ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നുമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങളാരംഭിച്ചത്. കേന്ദ്രാനുമതി ലഭ്യമാക്കുന്നതിന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖേന കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്.

ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് ദുബായിലെ മിന അല്‍ റാഷിദ് തുറമുഖം വരെ സര്‍വീസ് നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. യാത്ര പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസമെടുക്കും. 1,250 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലും ഇതിനായി കണ്ടുവച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പലാണിത്.

യാത്രാസമയം അനുസരിച്ച് 442 ദിര്‍ഹം (10,000 രൂപ) മുതല്‍ 663 ദിര്‍ഹം (15,000 രൂപ) വരെയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരന് 200 കിലോ വരെ സൗജന്യ ലഗേജ് അനുവദിക്കും. കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാലാണ് കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, പുതിയ യാത്രാനുഭവം എന്നിവ യാത്രക്കാരെ ആകര്‍ഷിക്കും. പ്രവാസി യാത്രക്കാര്‍ക്ക് പുറമേ ടൂറിസ്റ്റുകളും കപ്പല്‍യാത്ര തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. തുടക്കമെന്ന നിലയില്‍ ഡിസംബര്‍ മുതല്‍ രണ്ട് ട്രിപ്പുകള്‍ വീതം നടത്താനുമാണ് പദ്ധതി.

കേന്ദ്രാനുമതി ലഭിച്ചാല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയും ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കും. ആറ് മാസത്തേക്ക് പാസഞ്ചര്‍ ക്രൂയിസ് ചാര്‍ട്ടര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാനാണ് കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്.

നിര്‍ദിഷ്ട യുഎഇ-കൊച്ചി-ബേപ്പൂര്‍ കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറമുഖ വകുപ്പു സെക്രട്ടറിക്ക് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ യുഇയിലേക്ക് മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പാസഞ്ചര്‍ ക്രൂയിസ് ചാര്‍ട്ട് ചെയ്യാന്‍ ആലോചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version