ദുബായ്: ദുബായിലെ സർക്കാർ അംഗീകൃത സംഘടനയായ അക്കാഫ് അസോസിയേഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കേരള സർക്കാരിന്റെയും നോർക്കയുടെയും പിന്തുണ ഉറപ്പാക്കുമെന്ന് മുൻ നാദാപുരം എം എൽ എ സത്യൻ മൊകേരി ഉറപ്പു നൽകി. കേരളത്തിലെ കോളജ് അലുമ്‌നികളുടെ ഇത്രയും വിപുലമായ കൂട്ടായ്‌മ ലോകത്ത് മറ്റൊരിടത്തും കാണാൻ സാധിക്കില്ലെന്നും ഒരു സർവ്വകലാശാല ക്യാമ്പസ്സിൽ എത്തിയ പ്രതീതിയാണ് അസോസിയേഷൻ ഹാളിൽ എത്തിയപ്പോൾ തനിക്ക് തോന്നിയതെന്നും അദ്ദേഹം സ്മരിച്ചു. അക്കാഫ് അസോസിയേഷൻ ഹാളിൽ പുതുതായി പണിത ആൽത്തറയിൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു സത്യൻ മൊകേരി. സ്വകാര്യ സന്ദർശനത്തിനായി ദുബായിലെത്തിയ സത്യൻ മൊകേരി ഇക്കഴിഞ്ഞ ദിവസമാണ് അക്കാഫ് ഓഫീസ് സന്ദർശിച്ചത്.
ചടങ്ങിൽ അക്കാഫ് പ്രസിഡണ്ട് പോൾ ടി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപു എ എസ് , ട്രഷറർ മുഹമ്മദ് നൗഷാദ് , വൈസ് പ്രസിഡണ്ട് വെങ്കിട് മോഹൻ , ബോർഡ് മെമ്പർമാരായ ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.