ന്യൂ ഡൽഹി: പ്രണയദിനമായ ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദേശം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. കേന്ദ്രസർക്കാരിൻ്റെ നിർദേശ പ്രകാരമാണ് പിൻവലിക്കുന്നതെന്നു മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി എസ് കെ ദത്ത വ്യക്തമാക്കി. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യാനായിരുന്നു മൃഗസംരക്ഷണ ബോർഡ് ആഹ്വാനം ചെയ്തിരുന്നത്. ഇത് വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു.
വാലന്റൈൻസ് ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്തു കൗ ഹഗ് ഡേ ആചരിക്കാനായിരുന്നു മൃഗസംരക്ഷണ ബോർഡ് ഈ മാസം ആറിനു പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിരുന്നത്. പശു ഇന്ത്യയുടെ സംസ്കാരത്തിൻ്റെ നട്ടെല്ലാണെന്നും പാശ്ചാത്ത്യ സംസ്കാരത്തിൻ്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മൃഗസംരക്ഷണ ബോർഡിൻ്റെ നടപടി.
പശു ഇന്ത്യൻ സംസ്കാരത്തിൻ്റെയും ഗ്രാമീണ സമ്പദ്‍വ്യവസ്ഥയുടെയും നട്ടെല്ലാണെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്. പാശ്ചാത്ത്യ സംസ്കാരത്തിൻ്റെ അതിപ്രസരം മൂലം നമ്മുടെ പൈതൃകം മറന്നുപോകുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്കു കാരണമാകും. അതിനാൽ ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആയി ആചരിക്കാനായിരുന്നു സർക്കുലറിൽ നിർദേശിച്ചിരുന്നത്. മൃഗസംരക്ഷണ ബോർഡിൻ്റെ നിർദേശത്തെ പരിഹസിച്ചു നിരവധി ആളുകളാണ് രംഗത്തെത്തിയിരുന്നത്. കൗ ഹഗ് ഡേ നിർദേശം സമൂഹ മാധ്യമങ്ങളിൽ ട്രോളുകളായും നിറഞ്ഞു.