Entertainment
ഗോസിപ്പുകള്‍ അവസാനിക്കുന്നു, ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തില്‍ രജിനികാന്ത് തന്നെ!
വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്കായുള്ള കാത്തിരിപ്പിന്റെ ആവേശത്തിലാണ് ആരാധകര്‍. അതിന് മാറ്റുകൂട്ടി പുതിയ വാര്‍ത്തയും എത്തുന്നു. ലിയോയ്ക്ക് ശേഷം ലോകേഷ് സ്‌റ്റൈല്‍ മന്നനുമായി കൈകോര്‍ക്കുന്നു എന്ന്. കഴിഞ്ഞ നാളുകളായി ലിയോയുടെ ഗ്ലിമ്പ്‌സ് വിഡിയോകളിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തുകയായിരുന്നു ലോകേഷ്. ഇതിനിടെ പലതവണ രജിനികാന്തിനൊപ്പം ലോകേഷ് സിനിമ ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നും വന്നിരുന്നില്ല.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള തലൈവരുടെ എന്‍ട്രി ആരാധകരെ ഏറെ ആകര്‍ഷിച്ചു. പലപ്പോഴും ഈ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലും ഫാന്‍ ഗ്രൂപ്പുകളിലും മൂവി ഗ്രൂപ്പുകളിലുമൊക്കെ സജീവമായിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തില്‍ രജിനികാന്തും കമല്‍ ഹാസനും വേഷമിടുന്നതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. പിന്നീട് വിക്രം റിലീസായി. ഇതിനിടെ ജയ് ഭിം സംവിധായകന്‍ ജ്ഞാനവേലും രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ വന്നു. തലൈവര്‍ 170 എന്ന താല്‍ക്കാലിക പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളില്‍ ലോകേഷ് – രജനികാന്ത് ചിത്രം കാന്‍സലായതായും പറഞ്ഞിരുന്നു. ഇതോടെ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ ഇന്ന് ലോകേഷ് പങ്കുവെച്ച പുതിയ പോസ്റ്ററില്‍ രജനികാന്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തലൈവര്‍ 171 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.
ലോകേഷിന്റെ മുന്‍ചിത്രങ്ങളുടെ അതെ ജോണറിലായിരിക്കും തലൈവര്‍ 171ഉം എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ജയിലര്‍ എന്ന ചിത്രത്തിന്റെ വിജ്യത്തിലാണ് രജനികാന്ത്. തലൈവര്‍ 171 എപ്പോഴായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്ന് വ്യക്തമല്ല. സണ്‍ പിക്‌ചേഴ്‌സ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി പതിവുപോലെ അന്‍പറിവും സംഗീതം അനിരുദ്ധ രവിചന്ദറുമായിരിക്കും നിര്‍വഹിക്കുക എന്നാണ് വിവരം.
ജ്ഞാനവേലിന്റെ ചിത്രത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും ചിത്രത്തിലുണ്ടായേക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ലിയോയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുക എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രഭാസിനെ ലോകേഷ് പുതിയ ചിത്രത്തിന്റെ വണ്‍ ലൈന്‍ കേള്‍പ്പിച്ചതായും അത് നടന് ഇഷ്ടമായെന്നുമാണ് റിപ്പോര്‍ട്ട്. ജ്ഞാനവേലും രജനികാന്തുമൊന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കുന്നതൊപ്പം തന്നെ ലോകേഷ് പ്രഭാസിനൊപ്പമുള്ള ചിത്രം സംവിധാനം ചെയ്യാനാണ് സാധ്യതയെന്നാണ് കോളിവുഡ് റിപ്പോര്‍ട്ടുകള്‍.
ആറ് മാസങ്ങളിലായി 125 ദിവസത്തെ ചിത്രീകരണമാണ് ലിയോയുടേതായി നടന്നത്. കൈതി, വിക്രം സിനിമകളിലെ താരങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ലിയോയിലും റഫറന്‍സും സാന്നിധ്യവുമുണ്ടാകും. കമല്‍ ഹാസനും ലിയോയുടെ ഭാഗമാകുന്നു എന്ന സൂചനകള്‍ മുന്‍പ് വന്നിരുന്നു. ചിത്രത്തിന്റെ ആര്‍ട് ഡയറക്ടറായ സതീഷ് കുമാറാണ് വിക്രത്തിലെ കമല്‍ ഹാസന്റെ വേഷത്തെ പരോക്ഷമായി പരാമര്‍ശിക്കുന്ന ‘ദി ഈഗിള്‍ ഈസ് കമിംഗ്’ എന്ന പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കിട്ടത്. ഇതോടെ കമലഹാസന്‍ അതിഥി താരമായി ലിയോയില്‍ എത്തുമെന്നുള്ള പ്രതീക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ഇനി വരാനിരിക്കുന്ന തലൈവര്‍ 171 എല്‍സിയുവിലെ ചിത്രം തന്നെയാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അങ്ങനെയെങ്കില്‍ കമലഹാസന്‍, വിജയ്, കാര്‍ത്തി, സൂര്യ തുടങ്ങിയ താരങ്ങളുടെയൊക്കെ എന്‍ട്രി ഈ ചിത്രത്തിലുമുണ്ടായേക്കും.
Entertainment
സിനിമ കണ്ട് വിതുമ്പിയ കുട്ടികളെ ആശ്വസിപ്പിച്ച് കാർത്തിക് ആര്യൻ; ‘ചന്തു ചാംപ്യന്’ മികച്ച പ്രതികരണം
കാർത്തിക് ആര്യൻ നായകനായ ചിത്രം ‘ചന്തു ചാമ്പ്യൻ’ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ജൂൺ 14-ന് സിനിമ റിലീസ് ചെയ്തുവെങ്കിലും സിനിമയുടെ പ്രമോഷന്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തിയ സ്കൂൾ കുട്ടികളെ കാണാൻ കാർത്തിക് ആര്യൻ തിയേറ്റിൽ എത്തിയിരുന്നു. മുംബൈയിൽ കുട്ടികൾക്കായി മാത്രമുള്ള പ്രത്യേക പ്രദർശനമാണ് സംഘടിപ്പിച്ചത്.
സിനിമ കണ്ട് തേങ്ങി കരഞ്ഞ കുട്ടികളെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. കാർത്തിക് ആര്യനെ കണ്ടപ്പോൾ കരയാൻ തുടങ്ങിയ കുട്ടികളെ താരം തമാശകൾ പറഞ്ഞ് ചിരിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. കാർത്തിക്കിന്റെ ഈ വർഷത്തെ ആദ്യ ചിത്രമാണ് ചന്തു ചാംപ്യൻ. പ്രമുഖ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രം ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ആദ്യ പാരാലിമ്പിക് ചാമ്പ്യൻ മുരളികാന്ത് പേട്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര ചിത്രമാണ്.
ചന്തു ചാമ്പ്യൻ, തീർച്ചയായും നിങ്ങൾ മിസ് ചെയ്യാന്‍ പാടില്ലാത്ത സിനിമയാണ് എന്നാണ് തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് കുറിച്ചത്. സിനിമ ശരിക്കും ആസ്വദിച്ചുവെന്നും ഒരു സ്‌പോർട്‌സ് സിനിമ എന്നതിനേക്കാൾ മേലയാണ് ചിത്രമെന്നും ചിരിക്കുകയും കരയുകയും അഭിമാനം തോന്നുകയുമൊക്കെ ചെയ്തുവെന്നും കപിൽ ദേവ് കുറിച്ചു.
ഇന്ത്യൻ ആർമിയിൽ ബോക്‌സറായും പിന്നീട് ഇന്ത്യയിൽ പാരാലിമ്പ്യൻ നീന്തൽ താരമായും മുരളികാന്ത് നടത്തിയ യാത്രയുടെ പോരാട്ടങ്ങൾ ഈ സിനിമയിലൂടെ കാണിക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാല നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് റാസ്, ഭുവൻ അറോറ, യശ്പാൽ ശർമ്മ, രാജ്പാൽ യാദവ്, അനിരുദ്ധ് ദവെ, ശ്രേയസ് തൽപാഡെ, സൊനാലി കുൽക്കർണി തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്.
Entertainment
തലൈവരുടെ ‘വേട്ടയ്യൻ’ തിരക്കുകൾ; ‘കൂലി’ തുടങ്ങാൻ അടുത്ത മാസമാകും, റിപ്പോർട്ട്
ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയുടെ തുടങ്ങുമെന്നായിരുന്നു നേരത്തെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ ഷൂട്ടിങ് വൈകുമെന്നാണ് ഇപ്പോൾ വരുന്ന വാർത്ത.
രജനികാന്ത് ഇപ്പോൾ വേട്ടയ്യൻ എന്ന സിനിമയുടെ ഡബ്ബിങ് വർക്കുകളിലാണ്. ഇത് പൂർത്തിയായ ശേഷം മാത്രമേ പുതിയ സിനിമയുടെ വർക്കുകൾ ആരംഭിക്കൂ എന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഈ സമയം കൊണ്ട് ലോകേഷും സംഘവും പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കുമെന്നാണ് സൂചന.
സത്യരാജ്, ശോഭന, ശ്രുതിഹാസൻ തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Entertainment
‘ആരണ്യക’ത്തിലെ അമ്മിണിയെ ഓർമ്മയുണ്ടോ?; മലയാള സിനിമയിലേക്ക് നടി സലീമ വീണ്ടും
1985-ൽ ‘ഞാൻ പിറന്ന നാട്ടിൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പരിചയപ്പെട്ട 13കാരി സലീമയെ വിന്റേജ് മോളിവുഡ് സിനിമ പ്രേമികൾ മറക്കാനിടയില്ല. ആദ്യ സിനിമയേക്കാൾ ഒരുപക്ഷേ സലീമയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്. എം ടി എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീതും മോനിഷയും കഴിഞ്ഞാൽ തുല്യ സ്ക്രീൻ പ്രസൻസിൽ തന്നെ സലീമ ഇടം നേടിയിരുന്നു. ശേഷം 1988-ൽ പുറത്തിറങ്ങിയ ‘ആരണ്യക’ത്തിലെ അമ്മിണിയെ മലയാളികൾ ചേർത്തു പിടിച്ചു.
നല്ല സിനിമകൾക്കായി തന്നെ വിളിച്ചാൽ ഉറപ്പായും മലയാള സിനിമയിലേക്ക് തിരികെ വരുമെന്ന് പറഞ്ഞിരുന്ന സലീമ 1989-ൽ പുറത്തിറങ്ങിയ മഹായാനം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വലിയൊരിടവേള കഴിഞ്ഞ് തിരികെയെത്തുകയാണ്. ‘കോട്ടയം കുഞ്ഞച്ചൻ’, ‘കിഴക്കൻ പത്രോസ്’, ‘പ്രായിക്കര പാപ്പാൻ’, ‘കന്യാകുമാരി എക്സ്പ്രസ്സ്’, ‘ഉപ്പുകണ്ടം ബ്രദേഴ്സ്’, ‘മാന്യന്മാർ’, ‘സ്റ്റാൻലിൻ ശിവദാസ്’, ‘പാളയം’ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്ന ഡിഎൻഎ എന്ന ചിത്രത്തിലെ പാട്ടിയായാണ് സലീമ മോളിവുഡിന്റെ ഭാഗമാകുന്നത്.
കണ്ടാൽ തനി മലയാളിത്തമുള്ള സലീമ ആന്ധ്രാ സ്വദേശിയാണ്. യഥാർത്ഥ പേര് കലീശ്വരി ദേവി. സിനിമയുടെ തുടക്കകാലത്ത് വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസിൽ സലീമ അമ്മിണിയായി തന്നെ ജീവിക്കുകയാണ്. സലീമയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
