വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്കായുള്ള കാത്തിരിപ്പിന്റെ ആവേശത്തിലാണ് ആരാധകര്‍. അതിന് മാറ്റുകൂട്ടി പുതിയ വാര്‍ത്തയും എത്തുന്നു. ലിയോയ്ക്ക് ശേഷം ലോകേഷ് സ്‌റ്റൈല്‍ മന്നനുമായി കൈകോര്‍ക്കുന്നു എന്ന്. കഴിഞ്ഞ നാളുകളായി ലിയോയുടെ ഗ്ലിമ്പ്‌സ് വിഡിയോകളിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തുകയായിരുന്നു ലോകേഷ്. ഇതിനിടെ പലതവണ രജിനികാന്തിനൊപ്പം ലോകേഷ് സിനിമ ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നും വന്നിരുന്നില്ല.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള തലൈവരുടെ എന്‍ട്രി ആരാധകരെ ഏറെ ആകര്‍ഷിച്ചു. പലപ്പോഴും ഈ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലും ഫാന്‍ ഗ്രൂപ്പുകളിലും മൂവി ഗ്രൂപ്പുകളിലുമൊക്കെ സജീവമായിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തില്‍ രജിനികാന്തും കമല്‍ ഹാസനും വേഷമിടുന്നതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. പിന്നീട് വിക്രം റിലീസായി. ഇതിനിടെ ജയ് ഭിം സംവിധായകന്‍ ജ്ഞാനവേലും രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ വന്നു. തലൈവര്‍ 170 എന്ന താല്‍ക്കാലിക പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളില്‍ ലോകേഷ് – രജനികാന്ത് ചിത്രം കാന്‍സലായതായും പറഞ്ഞിരുന്നു. ഇതോടെ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ ഇന്ന് ലോകേഷ് പങ്കുവെച്ച പുതിയ പോസ്റ്ററില്‍ രജനികാന്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തലൈവര്‍ 171 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.
ലോകേഷിന്റെ മുന്‍ചിത്രങ്ങളുടെ അതെ ജോണറിലായിരിക്കും തലൈവര്‍ 171ഉം എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ജയിലര്‍ എന്ന ചിത്രത്തിന്റെ വിജ്യത്തിലാണ് രജനികാന്ത്. തലൈവര്‍ 171 എപ്പോഴായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്ന് വ്യക്തമല്ല. സണ്‍ പിക്‌ചേഴ്‌സ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി പതിവുപോലെ അന്‍പറിവും സംഗീതം അനിരുദ്ധ രവിചന്ദറുമായിരിക്കും നിര്‍വഹിക്കുക എന്നാണ് വിവരം.
ജ്ഞാനവേലിന്റെ ചിത്രത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും ചിത്രത്തിലുണ്ടായേക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ലിയോയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുക എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രഭാസിനെ ലോകേഷ് പുതിയ ചിത്രത്തിന്റെ വണ്‍ ലൈന്‍ കേള്‍പ്പിച്ചതായും അത് നടന് ഇഷ്ടമായെന്നുമാണ് റിപ്പോര്‍ട്ട്. ജ്ഞാനവേലും രജനികാന്തുമൊന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കുന്നതൊപ്പം തന്നെ ലോകേഷ് പ്രഭാസിനൊപ്പമുള്ള ചിത്രം സംവിധാനം ചെയ്യാനാണ് സാധ്യതയെന്നാണ് കോളിവുഡ് റിപ്പോര്‍ട്ടുകള്‍.
ആറ് മാസങ്ങളിലായി 125 ദിവസത്തെ ചിത്രീകരണമാണ് ലിയോയുടേതായി നടന്നത്. കൈതി, വിക്രം സിനിമകളിലെ താരങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ലിയോയിലും റഫറന്‍സും സാന്നിധ്യവുമുണ്ടാകും. കമല്‍ ഹാസനും ലിയോയുടെ ഭാഗമാകുന്നു എന്ന സൂചനകള്‍ മുന്‍പ് വന്നിരുന്നു. ചിത്രത്തിന്റെ ആര്‍ട് ഡയറക്ടറായ സതീഷ് കുമാറാണ് വിക്രത്തിലെ കമല്‍ ഹാസന്റെ വേഷത്തെ പരോക്ഷമായി പരാമര്‍ശിക്കുന്ന ‘ദി ഈഗിള്‍ ഈസ് കമിംഗ്’ എന്ന പോസ്റ്റര്‍ ട്വിറ്ററിലൂടെ പങ്കിട്ടത്. ഇതോടെ കമലഹാസന്‍ അതിഥി താരമായി ലിയോയില്‍ എത്തുമെന്നുള്ള പ്രതീക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. ഇനി വരാനിരിക്കുന്ന തലൈവര്‍ 171 എല്‍സിയുവിലെ ചിത്രം തന്നെയാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അങ്ങനെയെങ്കില്‍ കമലഹാസന്‍, വിജയ്, കാര്‍ത്തി, സൂര്യ തുടങ്ങിയ താരങ്ങളുടെയൊക്കെ എന്‍ട്രി ഈ ചിത്രത്തിലുമുണ്ടായേക്കും.