Gulf

ദുബായ് ജലസ്രോതസ്സുകളിലെ മാലിന്യം ഇനി കരയിലിരുന്ന് നീക്കാം; സ്മാർട്ട് മറൈൻ സ്ക്രാപ്പർ റെഡി

Published

on

ദുബായ്: ദുബായ് നഗരത്തിലെ തടാകങ്ങള്‍, കനാലുകള്‍, അരുവികള്‍ തുടങ്ങിയ ജല സ്രോതസ്സുകളിലെ മാലിന്യം പെറുക്കാന്‍ ഇനി അവയിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ആവശ്യമില്ല. കരയിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് അവ കണ്ടെത്തി നീക്കം ചെയ്യാന്‍ കഴിയുന്ന പുതിയ സംവിധാനം ദുബായ് മുനിസിപ്പാലിച്ചി അവതരിപ്പിച്ചു.

ദുബായ് ക്രീക്കിലും കനാലിലും തടാകങ്ങളിലും വെള്ളത്തില്‍ പൊങ്ങികിടക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ സ്മാര്‍ട്ട് മറൈന്‍ സ്‌ക്രാപ്പറിന് കഴിയും. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഈ മറൈന്‍ സ്‌ക്രാപ്പറിന് കരയില്‍ നിന്ന് എത്ര അകലെയുള്ള മാലിന്യമാണെങ്കിലും കണ്ടെത്തി ശേഖരിക്കാനാവുമെന്ന സവിശേഷതയുമുണ്ട്.

ഉപഗ്രഹ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫൈവ് ജി നെറ്റ് വര്‍ക്ക് ഉപയോഗിച്ച് റിമോട്ട് കണ്‍ട്രോള്‍ വഴി സ്മാര്‍ട്ട് മറൈന്‍ സ്‌ക്രാപ്പറിന്റെ സഞ്ചാരഗതിയും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യ അടങ്ങിയതാണ് സംവിധാനം. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഇതിനെ തത്സമയം നിരീക്ഷിക്കാനും കഴിയും. ഇതിന് പുറമെ, ജല സ്രോതസ്സുകളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താനും അവിടെയെത്തി അവ ശേഖരിക്കാനുമുള്ള മറൈന്‍ സര്‍വേ സംവിധാനവും ഈ സ്‌ക്രാപ്പറിലുണ്ട്. ബോട്ടുകളിലും മറ്റും കൂട്ടിയിടിക്കാതെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള ഒരു ഇന്ററാക്റ്റീവ് സംവിധാനവും സ്മാര്‍ട്ട് ഉപകരണത്തിനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ദുബായ് മുനിസിപ്പാലിറ്റിയുടെ 35 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന വാട്ടര്‍ കനാലുകളുടെയും അരുവികളുടെയും ശുചീകരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക സംഘത്തെ മുനിസിപ്പാലിറ്റി നേരത്തേ നിയോഗിച്ചിരുന്നു. 12 മറൈന്‍ ക്യാപ്റ്റന്‍മാരും 25 തൊഴിലാളികളും നാവികരും 12 മറൈന്‍ വാഹനങ്ങളും ഉള്‍പ്പെടുന്നതാണ് ഈ സംഘം. സ്മാര്‍ട്ട് സ്‌ക്രാപ്പര്‍ വികസിപ്പിച്ചതോടെ ഇവരുടെ ജോലി കൂടുതല്‍ എളുപ്പവും കാര്യക്ഷമവുമാവും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version