India

പശുവിന്റെ ചവിട്ടു കിട്ടിയാൽ അത് അനുഗ്രഹമാണ്‌: ‘ഗായ് ഗൗരി’യെന്ന ഈ ആചാരത്തെക്കുറിച്ച് അറിയാം

Published

on

ഗാന്ധിനഗർ: പശുവിന്റെ ചവിട്ടു കിട്ടിയാൽ അത് അനുഗ്രഹമാണെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ. അതിനായി കൂട്ടമായി അഴിച്ചുവിട്ട പശുക്കൾക്കും കാളകൾക്കും മുന്നിൽ നിരന്നു കിടക്കുന്ന വിശ്വാസികൾ. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ഗോത്രവ‍ർഗക്കാ‍‍രാണ് കാലങ്ങളായി ഈ ആചാരം പിന്തുടരുന്നത്. എല്ലാ വർഷവും ദീപാവലിക്കു ശേഷമുള്ള രണ്ടാം ദിനമാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. ‘ഗായ് ഗൗരി’ എന്നാണ് ഈ ആചാരത്തിന്റെ പേര്.

ഇന്ത്യയിലുടനീളം വിവിധ ഗ്രാമങ്ങളിൽ പശുക്കളെ പവിത്രമായി കണക്കാക്കുന്നുണ്ട്. എന്നാൽ ദാഹോദ് നഗരത്തിനടുത്തുള്ള ഗർബഡ ഗ്രാമത്തിലെ ഈ ആചാരം ഗോത്രവ‍ർഗക്കാർക്കിടയിൽ മാത്രം അനുഷ്ഠിക്കുന്ന ഒന്നാണ്. സമാനമായ ആഘോഷം മധ്യപ്രദേശിലെ ഉജ്ജൈനിക്ക് അടുത്തുള്ള ബീഡാവാഡിലെ ഗ്രാമവാസികൾ ആഘോഷിക്കാറുണ്ട്.

ദീപാവലിക്കു ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് ഗായ് ഗൗരി ആചരിക്കുന്നത്. ഇത് ഹിന്ദു പുതുവ‍ർഷത്തിന്റെ ആരംഭംകൂടിയാണ്. ദീപാവലിക്കു ശേഷമുള്ള ഒന്നാം ദിവസം ഗ്രാമത്തലവൻ ഒരു പ്രാ‍ർത്ഥനാ ചടങ്ങിന് നേതൃത്വം നൽകും. ദേവിയോട് പ്രാ‍ർത്ഥിച്ച ശേഷം പശുക്കളുടെയും കാളകളുടെയും കൊമ്പുകൾക്ക് ചായം പൂശും. ശേഷം മയിൽ പീലി ഉപയോഗിച്ച് അലങ്കരിക്കും. കൂടാതെ അവയുടെ കാലുകളിൽ മണി കെട്ടുകയും ചെയ്യും.

‘ദൈവത്തോട് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ഒരു വഴി’യായിട്ടാണ് വിശ്വാസികൾ ഇതിനെ കാണുന്നത്. പതിറ്റാണ്ടുകളായി ഈ ആചാരം ഗോത്രവർഗക്കാർ അനുഷ്ഠിച്ചു പോരുന്നുണ്ട്. പശുക്കളോട് തങ്ങൾ ചെയ്തിട്ടുള്ള പാപങ്ങളുടെ പ്രശ്ചിത്തമായിട്ടാണ് ആദിവാസികൾ ഈ അഗ്നിപരീക്ഷ ഏറ്റെടുക്കുന്നത്.

“ഇത് പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും കാര്യമാണ്. ഞങ്ങൾ പശുക്കളെ ബഹുമാനിക്കുകയും ‘അമ്മ’യായി കണക്കാക്കുകയും ചെയ്യുന്നു. അവൾക്ക് ആരെയും ദ്രോഹിക്കാൻ കഴിയില്ല.” ഗ്രാമവാസിയായ സൽറ ബെഹൻ പറയുന്നു.

ഗോമാതാവ് ഭാഗ്യം നൽകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് മധ്യപ്രദേശിലെ ബീഡാവാഡിലെ ഗ്രാമവാസികൾ ഈ ആചാരം നടത്തുന്നത്. പശുക്കൾ ശരീരത്തിൽ ചവിട്ടുമ്പോൾ പരിക്കേൽക്കില്ലേ എന്നു ചോദിച്ചാൽ, ഗോമാതാവ് അപകടം വരുത്തില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ചവിട്ടേറ്റ് മുറിവ് സംഭവിച്ചാൽ ഗോമൂത്രവും ചാണകവുമാണ് അവർ മുറിവിൽ പുരട്ടുന്നത്.

വർഷങ്ങൾക്കു മുമ്പ് മകനെ ലഭിക്കുന്നതിനായി ഒരാൾ പ്രാർത്ഥിക്കുകയും ആഗ്രഹം സാധിക്കുകയും ചെയ്തതിനു പിന്നാലെയാണ് ബീഡാവാഡിൽ ഈ ആചാരം തുടങ്ങിയതെന്ന് വിശ്വാസികൾ പറയുന്നു. ബീഡാവാഡ് ഗ്രാമത്തിനടുത്തുള്ള ജബുവ ഗ്രാമത്തിലും ഗായ് ഗൗരി ആഘോഷിക്കാറുണ്ട്. ഇത്രയും കാലം ആചാരം അനുഷ്ഠിച്ചിട്ടും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഗ്രാമവാസികളുടെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version