Gulf

കുവൈറ്റില്‍ ഇനി മുതല്‍ താമസരേഖ പുതുക്കാന്‍ പ്രവാസികള്‍ കുടിശ്ശിക തീര്‍ക്കണം; തീരുമാനം പ്രാബല്യത്തില്‍

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികള്‍ ഇനി മുതല്‍ താമസരേഖ (റെസിഡന്‍സ് പെര്‍മിറ്റ്) പുതുക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ബാധ്യതകളും തീര്‍ക്കണം. തീരുമാനം സെപ്റ്റംബര്‍ 10 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സാമൂഹികമാധ്യമമായ എക്‌സിലെ (പഴയ ട്വിറ്റര്‍) ഔദ്യോഗിക പേജില്‍ അറിയിച്ചു.

ഫീസുകള്‍, പിഴത്തുകകള്‍, ട്രാഫിക് ഫൈനുകള്‍, വൈദ്യുതി, ടെലഫോണ്‍, വെള്ളക്കരം തുടങ്ങി സര്‍ക്കാരിന് കിട്ടാനുള്ള തുകകളുടെ യഥാസമയത്തെ പിരിവ് ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ വെബ്‌സൈറ്റുകള്‍ വഴിയോ ‘സഹേല്‍’ ആപ്ലിക്കേഷന്‍ വഴിയോ മുഴുവന്‍ തുകയും അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
പ്രവാസികള്‍ രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ എക്‌സിറ്റ് വിസ ലഭിക്കാന്‍ ട്രാഫിക് ഫൈനുകള്‍, വൈദ്യുതി, ടെലഫോണ്‍, വെള്ളക്കരം തുടങ്ങി സര്‍ക്കാരില്‍ അടയ്‌ക്കേണ്ട മുഴുവന്‍ തുകയും നല്‍കണമെന്ന് ഏതാനും ദിവസം മുമ്പ്് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനും പ്രവാസിയുടെ പേരില്‍ സര്‍ക്കാരിലേക്ക് കുടിശ്ശികയൊന്നും ഉണ്ടാവരുതെന്ന നിയമം പുറത്തിറക്കിയത്.
ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിന് മുമ്പായി ഇത്തരം തുകകള്‍ അടച്ചുതീര്‍ത്താല്‍ മതിയെന്ന സാവകാശം ഇനി ലഭിക്കില്ല. ഓരോ തവണയും വിസ പുതുക്കണമെങ്കിലും അവധിക്ക് നാട്ടില്‍പോകണമെങ്കിലും എല്ലാവിധ സാമ്പത്തിക ബാധ്യതയും തീര്‍ക്കേണ്ടിവരും. അവധിക്ക് നാട്ടില്‍പോകാന്‍ എക്‌സിറ്റ്/റീ-എന്‍ട്രി വിസ ലഭിക്കണമെങ്കില്‍ പ്രവാസിയുടെ പേരിലുള്ള ഫോണ്‍ കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍, വൈദ്യുതി ബില്‍ എന്നിവയില്‍ കുടിശ്ശിക പാടില്ല. അവധിക്ക് പോയശേഷം പ്രവാസികള്‍ തിരിച്ചുവരാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന് കിട്ടേണ്ട ഈ തുക നഷ്ടപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി കര്‍ക്കശമാക്കുന്നത്.

സുരക്ഷയും ദേശീയക്രമവും നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ ഒരുവിട്ടുവീഴ്ചയും വരുത്തില്ലെന്നും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പുതിയ താമസരേഖ പുതുക്കല്‍ വ്യവസ്ഥ സംബന്ധിച്ച അറിയിപ്പില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശികളും സ്വദേശികളും നിയമത്തില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ പാലിക്കണമെന്നും അവ ലംഘിക്കരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്‌സിറ്റ് വിസ അനുവദിക്കുകയുള്ളൂവെന്ന നിയമം കഴിഞ്ഞ ആഗസ്ത് 19 ശനിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. എക്‌സിറ്റ് വിസയ്ക്ക് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ കൂടി അടയ്ക്കണമെന്ന നിയമം സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച മുതലും പ്രാബല്യത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version