ന്യൂഡല്‍ഹി: ഖത്തര്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇന്ത്യക്കാരനില്‍ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നുള്ള 32 കാരനെ രണ്ട് അജ്ഞാതരാണ് കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
താനെ ജില്ലയിലെ അംബര്‍നാഥ് ഗൗതം നഗര്‍ സ്വദേശിക്കാണ് പണം നഷ്ടമായത്. ഇന്നലെ ജനുവരി അഞ്ച് വെള്ളിയാഴ്ച അംബര്‍നാഥ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷന്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വിസ പ്രോസസ്സിങ്, മെഡിക്കല്‍ പരിശോധന എന്നീ ആവശ്യങ്ങള്‍ പറഞ്ഞാണ് ഇത്രയും തുക തട്ടിയെടുത്തത്.
ജോലിക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നവരാണെന്ന വ്യാജേന രണ്ട് അജ്ഞാതര്‍ ഫോണിലൂടെയും ഇ-മെയിലുകളിലൂടെയും തന്നെ ബന്ധപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. ഖത്തര്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ആശയവിനിയം നടത്തിയത്.
ജോലിക്കായി രജിസ്‌ട്രേഷന്‍ ഫീസും ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ചാര്‍ജും ഈടാക്കി. വിസ ലഭിക്കുന്നതിനായി വിസ പ്രോസസിങ്, മെഡിക്കല്‍ പരിശോധന എന്നിവയ്ക്കും പണം ആവശ്യപ്പെട്ടു. ഇടപാടുകാരെ വിശ്വസിച്ച് 2,28,600 രൂപ ഇദ്ദേഹം തട്ടിപ്പുകാര്‍ക്ക് കൈമാറുകയും ചെയ്തു.
2023 ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലാണ് ഇത്രയും തുക കൈക്കലാക്കിയത്. എന്നാല്‍ എപ്പോഴാണ് നിയമനം ലഭിക്കുകയെന്ന് ആരാഞ്ഞപ്പോള്‍ തട്ടിപ്പുസംഘം ഒഴിഞ്ഞുമാറിയെന്നും പരാതിയില്‍ പറയുന്നു. കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
സര്‍വകലാശാലകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനും സഹായിക്കാമെന്ന് അറിയിച്ച് അജ്ഞാതര്‍ അയക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് കഴിഞ്ഞയാഴ്ച യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൈക്കൂലി നല്‍കിയാല്‍ പ്രവേശനവും സ്‌കോളര്‍ഷിപ്പും നല്‍കാമെന്ന് പറഞ്ഞ് എംബസികളുടെയും ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും പേരില്‍ ഇ-മെയില്‍ അയച്ചും ഫോണ്‍ വിളിച്ചുമാണ് തട്ടിപ്പിന് ശ്രമിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പ്രധാനമായും വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ (0097180024) നമ്പര്‍ വഴി അറിയക്കണമെന്നും ഓര്‍മിപ്പിച്ചു.
മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ പ്രവാസി മലയാളി യുവതിയുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ അടുത്തിടെ തട്ടിയെടുത്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യുഎഇയില്‍ ജോലിചെയ്യുന്ന പാലക്കാട് നെന്മാറ സ്വദേശിനി ഓണ്‍ലൈന്‍ വഴി ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ വ്യാജ ലിങ്ക് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് അന്താരാഷ്ട്ര സംഘം പണം തട്ടുകയായിരുന്നു.