അബുദാബി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് യുഎഇയിലെ നാല് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ അടച്ചുപൂട്ടുകയും വന്‍തുക പിഴ ചുമത്തുകയും ചെയ്തു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കാണ് പിടിവീണത്. ഓരോ സ്ഥാപനങ്ങള്‍ക്കും 50,000 ദിര്‍ഹം വീതമാണ് പിഴ.
യുഎഇയിലെ അല്‍ ഐന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികളാണിവ. നാല് സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE) ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ സീല്‍ ചെയ്യാനും സ്ഥാപന ഉടമകളില്‍ നിന്ന് കനത്ത പിഴ ഈടാക്കാനും മന്ത്രാലയം തീരുമാനിച്ചത്. സ്ഥാപനങ്ങളുടെ കവാടത്തില്‍ ഇതുസംബന്ധിച്ച അറിയിപ്പ് നോട്ടീസ് പതിച്ചിട്ടുണ്ട്.
ഇതിനു പുറമേ തുടര്‍നിയമ നടപടികള്‍ക്കായി സ്ഥാപനങ്ങള്‍ക്കെതിരായ ഫയലുകള്‍ യുഎഇ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ വിചാരണ നടത്തുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷന് കൈമാറിയത്.
നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിലേക്ക് മാറാമെന്ന് തൊഴിലാളികള്‍ സമ്മതിച്ചു.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, അബുദാബി അല്‍ ഐന്‍ ശാഖയിലെ സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് രണ്ടാഴ്ച മുമ്പ് ഏജന്‍സികള്‍ പിടിയിലായത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് ഈ നാല് ഏജന്‍സികള്‍ ഉള്‍പ്പെടെ 45 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കും ഗാര്‍ഹിക തൊഴിലാളി ഏജന്‍സികള്‍ക്കുമാണ് രണ്ടു വര്‍ഷത്തിനിടെ മന്ത്രാലയം കനത്ത പിഴ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഡിസംബറില്‍ രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മാത്രമേ ഗാര്‍ഹിക തൊഴിലാളികളെ സ്വദേശികളും വിദേശികളും ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 600590000 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് അംഗീകൃത ഏജന്‍സികളില്‍ നിന്ന് മാത്രമാണെന്ന് ഉറപ്പാക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം വിവിധ വിഭാഗങ്ങളുമായി ചേര്‍ന്ന് സംയുക്ത പരിശോധന കാമ്പെയ്‌നുകള്‍ നടത്തിവരുന്നുണ്ട്. നിയമങ്ങള്‍ പാലിക്കാത്ത ദുബായിലെ ഷമ്മ അല്‍ മഹൈരി, അജ്മാനിലെ അല്‍ ബര്‍ഖ് എന്നീ ഗാര്‍ഹിക തൊഴിലാളി സേവനകേന്ദ്രങ്ങളുടെ ലൈസന്‍സ് മന്ത്രാലയം അടുത്തിടെ റദ്ദാക്കിയിരുന്നു.