മദീന: സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തപ്പെട്ടവര്‍ ഫിംഗര്‍ പ്രിന്റില്‍ കൃത്രിമം കാട്ടി വീണ്ടും പ്രവേശിക്കാനുള്ള ശ്രമം തടഞ്ഞു. ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് പിടികൂടി സൗദിയില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രം വഴി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി തിരിച്ചയച്ചവരാണ് പുതിയ വിസയില്‍ എത്തിയത്.
പാകിസ്താനികളായ രണ്ടു പേരാണ് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ പിടിയിലായതെന്ന് സൗദി ജവാസാത്ത് അറിയിച്ചു. വിരലടയാളത്തില്‍ കൃത്രിമം നടത്തിയാണ് ഇരുവരും എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
നേരത്തേ സൗദിയില്‍ പ്രവേശിച്ചവരുടെ ബയോമെട്രിക് വിവരങ്ങള്‍ ജവാസാത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തില്‍ ഉണ്ടാവുമെന്നതിനാലാണ് വിലക്ക് മറികടക്കാന്‍ ഫിംഗറില്‍ കൃത്രിമം കാണിച്ച് പ്രവേശനത്തിന് ശ്രമിച്ചത്. ഇരുവരെയും മദീന വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചതായും ജവാസാത്ത് അറിയിച്ചു.