Gulf

24 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് ഫലം; ദുബായ് പോലീസിന് പുതിയ ലോക റെക്കോര്‍ഡ്

Published

on

ദുബായ്: 24 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് ഫലം ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി ദുബായ് പോലീസ്. നിര്‍ണായക ഫോറന്‍സിക് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കി ജീനോം സെന്ററിലെ ദുബായ് പോലീസിന്റെ ഫോറന്‍സിക് എന്റമോളജി പ്രോജക്ട് ടീം സുപ്രധാന നേട്ടം കൈവരിച്ചതായി ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു.

മറ്റു ലോക രാജ്യങ്ങളില്‍ മൂന്ന് മുതല്‍ 14 ദിവസമാണ് ഫോറന്‍സിക് ഫലം ലഭിക്കാനുള്ള ശരാശരി ദൈര്‍ഘ്യം. ആഗോളതലത്തില്‍ ഇത് പുതിയ റെക്കോഡ് ആണെന്നും ദുബായ് പോലീസിന്റെ സേവനനിലവാരത്തിന്റെ മേന്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ ജീനോം സെന്റര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. സന്ദര്‍ശന വേളയില്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അവലോകനം ചെയ്യുകയുണ്ടായി. ഹ്യൂമന്‍ ജീനോം, മെറ്റാജെനോം, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി എന്നീ നാല് പ്രധാന വിഭാഗങ്ങളാണ് സെന്ററിനു കീഴിലുള്ളത്.

ഫോറന്‍സിക് മേഖലയില്‍ പ്രാദേശിക ഡാറ്റാബേസ് ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ദുബായ് പോലീസിന്റെ ഫോറന്‍സിക് എന്റമോളജി പ്രോജക്റ്റിനെക്കുറിച്ച് ജീവനക്കാര്‍ ഷെയ്ഖ് ഹംദാനോട് വിശദീകരിച്ചു.

മരണകാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഫോറന്‍സിക് സയന്‍സ് സാങ്കേതികവിദ്യകള്‍ നവീകരിക്കുന്നതിലും പ്രത്യേക വൈദഗ്ധ്യം നേടിയവരെ നിയമിക്കുന്നതിലും ദുബായ് പോലീസിന് സാധിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകള്‍ പരിഹരിക്കുന്നതിന് ദുബായ് പോലീസിന്റെ ബ്രെയിന്‍ ഫിംഗര്‍പ്രിന്റ് സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ദുബായ് കിരീടാവകാശി നേരിട്ട് മനസിലാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version