ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി ബാലന്‍ മരിച്ചു. കെട്ടിടത്തിന്റെ 20ാം നിലയിലെ ജനലില്‍ നിന്നാണ് താഴേക്ക് വീണത്. അഞ്ചു വയസ്സുള്ള നേപ്പാള്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്.
മുതിര്‍ന്നവരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാതാപിതാക്കളെ പിന്നീട് ചോദ്യം ചെയ്യുമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
ഷാര്‍ജ എമിറേറ്റിലെ ബു ദാനിഗ് ഏരിയയിലെ ഒരു താമസ കെട്ടിടത്തില്‍ ഇന്നലെ (ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞാണ് സംഭവം. മൂന്നു മണിയോടെ കെട്ടിടത്തിലെ ഒരു അപാര്‍ട്ട്‌മെന്റിലെ ജനലിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജനാലയ്ക്ക് സമീപം വെച്ചിരുന്ന കസേരയില്‍ കുട്ടി കയറിയതാണെന്നാണ് കരുതുന്നത്. അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കും. മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലും എത്തിച്ചു.
ജനാലകളും വാതിലുകളും രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലല്ലാതെ കുട്ടികള്‍ക്ക് തുറക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഉണ്ടാവരുതെന്ന് അധികൃതര്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്. ചലിക്കുന്ന വസ്തുക്കള്‍ ജനലുകള്‍ക്കോ ബാല്‍ക്കണികള്‍ക്കോ സമീപം വെക്കരുത്. കുട്ടികള്‍ എപ്പോഴും സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും ബാല്‍ക്കണിയിലേക്കുള്ള കുട്ടികളുടെ പ്രവേശനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.
ജനല്‍ ഗാര്‍ഡുകളോ സുരക്ഷാ വലകളോ സ്ഥാപിക്കണം. ജനാലകള്‍ക്കോ ബാല്‍ക്കണികള്‍ക്കോ സമീപമുള്ള ഫര്‍ണിച്ചറുകളില്‍ കയറുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും വേണം.
ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് ജീവഹാനിയുണ്ടാവുന്നത് ഷാര്‍ജയില്‍ ഒറ്റപ്പെട്ട ദുരന്തമല്ല. സമീപ വര്‍ഷങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും മരിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളിലെ കുട്ടികളെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന് വിവിധ കാംപയിനുകള്‍ അധികൃതര്‍ നടത്തിയിരുന്നു.