കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. ഷാർജയിലേക്ക് പുലർച്ചെ 2.15ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ആദ്യം തകരാർ കണ്ടെത്തിയത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. രാവിലെ 8.36ന് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ കൊണ്ടുപോയത്. തുടർന്ന് ആറ് മണിക്കൂറിലേറെ വൈകി മറ്റൊരു വിമാനത്തിലാണ് യാത്രക്കാർ പുറപ്പെട്ടത്.
രാവിലെ 8.30ന് മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് തകരാറിലായ മറ്റൊന്ന്. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കൊണ്ടുപോയത്. രാവിലെ തകരാറിലായ ഷാർജ വിമാനമാണ് തകരാർ പരിഹരിച്ച ശേഷം മസ്ക്കറ്റിലേക്ക് തിരിച്ചത്.