ദുബായ്∙ വെള്ളിയാഴ്ച രാവിലെ ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലേക്കു പറന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ 13 മണിക്കൂര്‍ ആകാശയാത്രയ്ക്കു ശേഷം തിരിച്ചിറങ്ങിയത് ദുബായ് വിമാനത്താവളത്തില്‍ തന്നെ. വിമാനം ഇറങ്ങേണ്ടിയിരുന്ന ഓക്‌ലാന്‍ഡ് വിമാനത്താവളത്തില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിട്ടത്.
ഇകെ448 വിമാനം വെള്ളിയാഴ്ച രാവിലെ 10.30നാണ് ദുബായില്‍നിന്ന് പറന്നുയര്‍ന്നത്. 9,000 മൈല്‍ യാത്രയുടെ പകുതിക്ക് വച്ച് പൈലറ്റ് വിമാനം യു ടേണ്‍ എടുക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിയോടെ വിമാനം ദുബായില്‍ തന്നെ തിരിച്ചിറക്കി.
ഓക്‌ലാന്‍ഡ് വിമാനത്താവളത്തില്‍ രാജ്യാന്തര ടെര്‍മിനലില്‍ വെള്ളം കയറിയതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അസൗകര്യം ഉണ്ടാകുമെന്ന് അറിയാമെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്നും അവര്‍ വ്യക്തമാക്കി.
ഞായറാഴ്ചയോടെ വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായെന്നാണു റിപ്പോര്‍ട്ട്. അതിശക്തമായ മഴയെ തുടര്‍ന്ന് വിമാനത്താവളത്തിനുള്ളിലടക്കം വെള്ളം കയറിയതിന്റെ വിഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഓക്‌ലാന്‍ഡ് വിമാനത്താവളത്തില്‍ അണ്ടര്‍വാട്ടര്‍ അനുഭവം എന്നാണ് ചിലര്‍ കുറിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലാന്‍ഡില്‍ വന്‍ദുരിതമാണ് അനുഭവപ്പെടുന്നത്. നാല് പേര്‍ മരിച്ചു. പലയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.