Gulf

കൈമാറ്റ ഉടമ്പടി പ്രകാരം ഇറാന്‍ വിട്ടയച്ച അഞ്ച് അമേരിക്കന്‍ തടവുകാര്‍ ദോഹയിലെത്തി

Published

on

ദോഹ: യുഎസുമായുണ്ടാക്കിയ കൈമാറ്റ ഉടമ്പടി പ്രകാരം ഇറാന്‍ വിട്ടയച്ച അഞ്ച് അമേരിക്കന്‍ തടവുകാര്‍ ദോഹയിലെത്തി. ഇമാദ് ഷാര്‍ഗി, മൊറാദ് തഹ്ബാസ്, സിയാമക് നമാസി എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് ഖത്തര്‍ സര്‍ക്കാരിന്റെ വിമാനത്തില്‍ ദോഹയിലെത്തിച്ചത്.

അന്യായമായി തടവിലാക്കപ്പെട്ട യുഎസ് പൗരന്‍മാര്‍ മോചിതരായെന്നും ഇവര്‍ അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും ഇന്നലെ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷത്തിലേറെയായി തടവിലായിരുന്ന അഞ്ചു പേരെയാണ് ഇറാന്‍ വിട്ടയച്ചത്.

ആറ് ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ഫണ്ട് യുഎസ് മരവിപ്പിച്ചത് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടുന്ന വിപുലമായ കരാറിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ ഇറാന്‍ മോചിപ്പിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ സര്‍ക്കാര്‍ ജെറ്റിലാണ് തടവുകാരെ ദോഹയിലേക്ക് കൊണ്ടുപോയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെഹ്‌റാനിലെ ഖത്തര്‍ അംബാസഡറോടൊപ്പം തടവിലാക്കപ്പെട്ടവരുടെ രണ്ട് ബന്ധുക്കളും വിമാനത്തിലുണ്ട്.

മോചിപ്പിക്കപ്പെട്ടവരില്‍ ഇമാദ് ഷാര്‍ഗി, മൊറാദ് തഹ്ബാസ്, സിയാമക് നമാസി എന്നിവര്‍ ഒഴികെയുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവരെല്ലാം അഞ്ച് വര്‍ഷത്തിലേറെയായി തടവിലായിരുന്നു. നമാസി 2015 മുതല്‍ ഇറാന്റെ തടവിലാണ്. മുമ്പ് ഇറാന്‍ വിടാന്‍ കഴിയാതിരുന്ന സിയാമക് നമാസിയുടെ മാതാവ് എഫി നമാസിയും മൊറാദ് തഹ്ബാസിന്റെ ഭാര്യ വിദ തഹ്ബാസും ഇറാനില്‍ നിന്ന് ദോഹയിലേക്കുള്ള ഈ വിമാനത്തിലുണ്ടെന്ന് ബൈഡന്‍ അഡ്മിനിസ്‌ട്രേഷനിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്നതിന് ദോഹയില്‍ നിന്ന് ഇവരെല്ലാം ഉടന്‍ വാഷിങ്ടണ്‍ ഡിസിയിലേക്ക് തിരിക്കും. അമേരിക്കയും ഇറാനും അഞ്ച് തടവുകാരെ വീതം മോചിപ്പിക്കാനും ദക്ഷിണ കൊറിയയില്‍ മരവിപ്പിച്ച ആറ് ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ തിരിച്ചുനല്‍കാനും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു.

ഇറാന്‍ വംശജനായ അമേരിക്കന്‍ പൗരനായ സിയാമക് നമാസി ഏഴ് വര്‍ഷമായി ഇറാനില്‍ തടവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ജയിലില്‍ ഏഴ് ദിവസത്തെ നിരാഹാര സമരം ആരംഭിക്കുകയും തന്നെ നാട്ടിലേക്ക് കൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 2016ല്‍ അഞ്ച് അമേരിക്കക്കാരെ മോചിപ്പിച്ചതിന്റെ വാര്‍ഷികത്തിലാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. തന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയ വാക്ക് പാലിച്ചില്ലെന്നും ഏഴ് വര്‍ഷവും രണ്ട് പ്രസിഡന്റുമാരും കഴിഞ്ഞിട്ടും ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ താന്‍ തുടരുകയാണെന്ന പ്രസിഡന്റിന് അയച്ച തുറന്ന കത്തില്‍ അദ്ദേഹം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version